'അരവിന്ദ് കെജ്രിവാളിന് തന്റെ കുടുംബത്തെ കുറിച്ച് നല്ല വിചാരമുണ്ട്. അതുകൊണ്ടാണല്ലോ മലിനീകരണം മൂലം ശ്വാസം കിട്ടാതെ പിടയുന്നതിന് മുമ്പ് അദ്ദേഹം അടിയന്തരമായി തനിക്കും കുടുംബത്തിനും ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്'
ദില്ലി: കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ നഗരം വലയുമ്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടുംബവുമായി വിനോദയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് ആരോപണം. സമൂഹമാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ നിറയുന്നത്.
പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ശക്തമായ അന്തരീക്ഷ മലിനീകരണത്തിനാണ് ദില്ലി സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം ഇതിനോടകം നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ദുബായിലേക്ക് 'ടൂര്‍' പോയിരിക്കുകയാണെന്നാണ് പ്രചാരണം.
'അരവിന്ദ് കെജ്രിവാളിന് തന്റെ കുടുംബത്തെ കുറിച്ച് നല്ല വിചാരമുണ്ട്. അതുകൊണ്ടാണല്ലോ മലിനീകരണം മൂലം ശ്വാസം കിട്ടാതെ പിടയുന്നതിന് മുമ്പ് അദ്ദേഹം അടിയന്തരമായി തനിക്കും കുടുംബത്തിനും ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്.'- ട്വിറ്ററില്‍ ദില്ലി സ്വദേശി ആരോപിച്ചു.
കെജ്രിവാളും കുടുംബവും നിലവില്‍ ദില്ലിയില്‍ ഇല്ലെന്ന് തന്നെയാണ് സൂചന. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവും ആം ആദ്മി നേതാക്കളും സര്‍ക്കാര്‍ വൃത്തങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണോ കെജ്രിവാള്‍ ദില്ലിയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയിലെ അവസ്ഥ രൂക്ഷമാക്കിയത്. നഗരത്തിന് പുറത്ത് കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വലിയ വെല്ലുവിളിയായി തുടരുകയാണ്. വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന മലിനമായ പുകയ്ക്ക് പുറമെയാണ് ഈ പ്രശ്‌നങ്ങളും. ഇതോടെ ദില്ലിയിലെ ജനജീവിതം കൂടുതല്‍ ദൂസ്സഹമായിരിക്കുകയാണ്.
