കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കൊപ്പം ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകനെതിരെയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജീത്ത് 10 കോടി രൂപ വാങ്ങി മുങ്ങിയെന്നാണ് ആരോപണം.

എന്നാല്‍ ജാസ് ടൂറിസത്തിന്റെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണയില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്ന് ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാവേലിക്കര കോടതിയില്‍ ഒരു സിവില്‍ കേസ് നിലവിലുണ്ട്. രാഹുല്‍ കൃഷ്ണയും താനും ബിനോയ് കോടിയേരിയുമൊക്കെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടയ്‌ക്ക് വെച്ച് തമ്മില്‍ തെറ്റി. അക്കാലത്ത് ഒരു കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ പേരിലാണ് ആരോപണങ്ങള്‍ ഉയരുന്നത്. താന്‍ പണം വാങ്ങിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാവിന്റെ മകനായതിനാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ശ്രീജിത്ത് ആരോപിച്ചു. 

മകന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ വിജയന്‍പിള്ള എം.എല്‍.എ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല.