ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കന്യാസ്ത്രീകളെ തെരുവിലിറക്കിയത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നയാള്‍ പ്രതിയാണെന്ന് പറയാന്‍ തനിക്കാവില്ലെന്നും, അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങളെ നിജസ്ഥിതി അറിയിക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
അതിനിടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാവിലെ 11 മണിയോടെ ചോദ്യം ചെയ്യും. തൃപ്പുണ്ണിത്തുറയിലെ, പൊലീസിന്‍റെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ചാകും മൊഴിയെടുപ്പ്. ബിഷപ്പ് ഇതുവരെ അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. ബിഷപ്പ് ഇപ്പോൾ എവിടെയന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഡിവൈഎസ്പി വിശദമാക്കി.
കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘം ഇപ്പോൾ കൂടിക്കാഴ്ച നടത്തി. കോട്ടയം എസ് പിയും ഐജിയുടെ ക്യാമ്പ് ഓഫീസിലെത്തിയിരുന്നു. അതേസമയം ജലന്ധറിൽ നിന്നെത്തിയ ബിഷപ്പ് തൃശൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യാനായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുറിയിൽ അഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂർണമായും ചിത്രീകരിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്
