മലപ്പുറം ചെമ്മങ്കടവ് ഹയര്‍സെക്കൻഡറി സ്കൂളിലെ  ഉറുദു  അധ്യാപകനുമായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥിനികളുടെ പരാതി. 

മലപ്പുറം: ചെമ്മങ്കടവ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളോട്മോശമായി പെരുമാറിയ അദ്ധ്യാപകനെ സംരക്ഷിക്കാൻ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്ന് പരാതി.പെൺകുട്ടികളുടെ പരാതിയില്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു. 

മലപ്പുറം ചെമ്മങ്കടവ് ഹയര്‍സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനുമായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥിനികളുടെ പരാതി. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം ചുമതലയുള്ള അഫ്സല്‍ റഹ്മാൻ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് പെൺകുട്ടികളുടെ പരാതി. അദ്ധ്യപകന്‍റെ മോശം പെരുമാറ്റത്തിനെതിരെ 19 പെൺകുട്ടികളാണ് സ്കൂള്‍ പ്രിൻസിപ്പാളിന് പരാതി നല്‍കിയിട്ടുള്ളത്. പ്രിൻസിപ്പാള്‍ കൈമാറിയ പരാതിയില്‍ പൊലീസ് പോക്സോ നിയമപ്രകാരം അഫ്സല്‍ റഹ്മാനെതിരെ കേസെടുത്തു. 

മുസ്ലീം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ് അഫ്സല്‍ റഹ്മാൻ. രാഷ്ട്രീയ താത്പര്യം മൂലം അഫ്സല്‍ റഹ്മാനെതിരെയുള്ള പരാതി പിൻവലിക്കാൻ സഹപ്രവര്‍ത്തകരായ ചില അദ്ധ്യാപകര്‍ പെൺകുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് എസ്.എഫ്.ഐ ആരോപിച്ചു. അഫ്സല്‍ റഹ്മാനെ സസ്പെന്‍റ് ചെയ്യാൻ പ്രിൻസിപ്പാള്‍ മാനേജ്മെന്‍റിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.പൊലീസ് കേസെടുത്തതിനു പിന്നാലെ അഫ്സല്‍ റഹ്മാന്‍ ഒളിവില്‍ പോയിരുന്നു.