കോഴിക്കോട്: രജിസ്റ്റര്‍ വിവാഹം നടത്തിയ പെണ്‍കുട്ടിയെ ഭര്‍തൃ വീട്ടുകാര്‍ വീട്ടുതടങ്കലിലാക്കിയതായും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ശ്രമിച്ചതായും പരാതി. കോഴിക്കോട് മുക്കത്താണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് കേസെടുത്തു.
മുക്കം കച്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രേമിച്ച് വിവാഹം കഴിച്ച ചേന്ദമംഗലൂര്‍ സ്വദേശി അഹമ്മദ് നബീലിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയത്. വിവാഹ ശേഷം ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പിഡിപ്പിച്ചുവെന്നും ഇസ്ലാം മതാചാരം പിന്‍തുടരാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് പരാതി. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മഞ്ചേരിയിലെ സത്യസരണി മതപഠന കേന്ദ്രത്തില്‍ കൊണ്ട് പോയി. വിദേശത്ത് പോകാനുള്ള സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞ് സത്യവാങ്മൂലത്തില്‍ ഒപ്പിടീച്ചു. മതം മാറാന്‍ താത്പര്യമില്ലെന്ന് അറിയിച്ച പെണ്‍കുട്ടിയെ തുടര്‍ന്ന് അഹമ്മദ് നബീലിന്റെ സുഹൃത്തായ സാദ്ദിഖിന്റെ കൊണ്ടോട്ടിയിലെ വീട്ടില്‍ തടങ്കലിലാക്കി. ഇതിനിടെ അമ്മയുടെ സഹോദരിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി തന്റെ അവസ്ഥ അറിയിക്കുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പൊലീസ് ബന്ധുക്കളുമായെത്തി കൊണ്ടോട്ടയില്‍ നിന്ന് പെണ്‍കുട്ടിയെ മോചിപ്പിച്ചു. പെണ്‍കുട്ടിക്ക് ഭക്ഷണവും ചികിത്സയും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനും വീട്ടു തടങ്കലിലാക്കിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498, 323, വകുപ്പുകള്‍ പ്രകാരവും മതവികാരം വ്രണപെടുത്തിയതിന് 295 എ വകുപ്പ് പ്രകാരവും കേസ്സെടുത്തതായി മുക്കം പൊലീസ് അറിയിച്ചു.
