സ്‌പോട്ട് അഡ്മിഷന്‍ ലഭിച്ച് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെത്തിയവരാണ് അന്യായ ഫീസ് വാങ്ങുന്നുവെന്ന് പരാതിയുന്നയിച്ചത്. ജെയിംസ് കമ്മിറ്റി നിര്‍ദേശമനുസരിച്ച് ഡെന്‍റര്‍ പ്രവേശനത്തിന് മെറിറ്റ് സീറ്റില്‍ 2,10,000 ഫീസ്. എന്നാല്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് അടയ്‌ക്കാന്‍ പറഞ്ഞത് രണ്ട് 2,75,000 രൂപ. ട്യൂഷന്‍ ഫീസിന് പുറമെയുളള മറ്റ് ഫീസ് എന്ന ഇനത്തിലാണ് അരലക്ഷത്തിലധികം രൂപ കോളേജ് അധികമായി വാങ്ങുന്നത്. ഈ തുക പഠനകാലയളവായ അഞ്ച് വര്‍ഷവും അടയ്‌ക്കണമെന്നും ഇത് ഉറപ്പുനല്‍കുന്ന ചെക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അഡ്മിഷന്‍ റദ്ദാക്കപ്പെടുമെന്നും പറഞ്ഞതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

പണമടച്ചതിന് രസീത് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും തര്‍ക്കമായപ്പോഴാണ് വെള്ളക്കടലാസില്‍ എഴുതിത്തരാനെങ്കിലും തയ്യാറായതെന്നും രക്ഷിതാക്കള്‍ പറയുന്നു.എന്നാല്‍ ട്യൂഷന്‍ ഫീസിന് പുറമെ സ്‌പെഷ്യല്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാരുമായി ധാരണയുണ്ടെന്നും അതനുസരിച്ചാണ് തുക ഈടാക്കിയതെന്നുമാണ് കോളേജ് വിശദീകരിക്കുന്നത്. അധിക തുക ഈടാക്കിയെന്ന് കാട്ടി ജെയിംസ് കമ്മിറ്റിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.