Asianet News MalayalamAsianet News Malayalam

ബന്ധുനിയമനവിവാദം നിയമസഭയിലേക്ക്; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി എംഎല്‍എമാര്‍

മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു നിയമന വിവാദം നിയമസഭയിലേക്ക്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തേടി ഒമ്പത് എംഎല്‍എമാര്‍ ചോദ്യങ്ങള്‍ കൈമാറി. വിവാദത്തില്‍ ഇപ്പോഴും മുഖ്യമന്ത്രി മൗനം തുടരുകയാണ്. 

allegations against kt jaleel Will be discussed in the assembly
Author
Thiruvananthapuram, First Published Nov 21, 2018, 2:04 PM IST

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു നിയമന വിവാദം നിയമസഭയിലേക്ക്. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തേടി ഒമ്പത് എംഎല്‍എമാര്‍ ചോദ്യങ്ങള്‍ കൈമാറി. വിവാദത്തില്‍ ഇപ്പോഴും മുഖ്യമന്ത്രി മൗനം തുടരുകയാണ്. 

കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീല്‍ നടത്തിയ ഫയല്‍ നീക്കത്തില്‍ വകുപ്പ് സെക്രട്ടറി സംശയം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. ഇതടക്കമുള്ള ചോദ്യങ്ങളോട് പക്ഷേ അദ്ദേഹം മുഖം തിരിച്ചിരിക്കുകയാണ് . ഈ പശ്ചാത്തലത്തിലാണ് നിയമനവിവാദം നിയമസഭയിലേക്ക് എത്തുന്നത്. 

മുഖ്യമന്ത്രിയുടെ ഇടപെടല്‍ അടക്കം ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്:
  
ജനറല്‍മാനേജര്‍ തസ്തികയിലേക്ക് കെ ടി അദീബിനെ നിയമിക്കാനിടയായ പ്രത്യേക സാഹചര്യമെന്തായിരുന്നു?

പൊതുമേഖലസ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ ആവശ്യമുണ്ടായിരുന്നോ?

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരന് സര്‍ക്കാരിലെ ഏതെങ്കിലും വകുപ്പിലോ, പൊതുമേഖലാസ്ഥാപനത്തിലോ ഡപ്യൂട്ടേഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടോ? 

ഉണ്ടെങ്കില്‍ ഏത് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ? 

തസ്തികയിലേക്കുള്ള യോഗ്യത ഏത് മന്ത്രിസഭായോഗത്തിന്‍റെ അനുമതിയോടെയാണ് ഭേദഗതി ചെയ്തത്?

ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയാണ് എംഎല്‍എമാര്‍ തേടിയിരിക്കുന്നത്. എംഎല്‍എരായ വിടി ബല്‍റാം, സണ്ണിജോസഫ്, ഷാഫി പറമ്പില്‍, മഞ്ഞളാംകുഴി അലി തുടങ്ങിയവരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അതേസമയം, ചോദ്യങ്ങള്‍ക്കപ്പുറം അടിയന്തര പ്രമേയമായി വിഷയം വരാനും സാധ്യതയുണ്ട്. 27 ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തെ ശബരിമലക്കൊപ്പം ബന്ധുനിയമന വിവാദവും ചൂടുപിടിപ്പിക്കും.

Follow Us:
Download App:
  • android
  • ios