കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ആരോപണങ്ങളുമായി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ് തന്നെ ബോധപൂര്‍വ്വം കുടുക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് അപ്പുണ്ണി ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ തിനിക്കും സുനില്‍ കുമാറുമായോ കേസിലെ മറ്റ് പ്രതികളുമായോ ദിലീപിനും തനിക്കും ഒരു ബന്ധവുമില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. സുനില്‍ കുമാറിന്റെ സഹതടവുകാരനായ വിഷ്ണു തന്നെ വിളിച്ചിരുന്നു. താന്‍ 
ദിലീപിനോട് ഇക്കാര്യം പറയുകയും ചെയ്തു. ദിലീപ് ഇക്കാര്യം പൊലീസിനോട് പറഞ്ഞുവെന്നാണ് മനസിലാക്കുന്നത്. കേസ് അന്വേഷണവുമായി എപ്പോഴും സഹകരിക്കാന്‍ താന്‍ തയ്യാറാണ്.അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ തന്നെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇപ്പോള്‍ തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ പൊലീസിന്റെ കൈയ്യില്‍ കിട്ടിയാല്‍ തനിക്ക് മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാളെ ദിലീപിന്റെ ജാമ്യാപേക്ഷക്കൊപ്പം അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചന.