ഏഴ് അടി നീളമുള്ള ചീങ്കണ്ണി വീട്ടുകാരെയും അയല്‍പക്കക്കാരെയും ഭയപ്പെടുത്തി മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു

സൗത്ത് കരോലിന: വീടിന് അടുത്ത് തോട്ടമുണ്ടെങ്കില്‍ പലതരത്തിലുള്ള ഇഴജന്തുക്കളെ കാണാന്‍ സാധിക്കുന്നത് സാധാരണമാണ്. എന്നാല്‍ വീടിന് പിന്നിലെ തോട്ടത്തില്‍ വന്ന ഇഴജന്തുവിനെ കണ്ട് എമര്‍ജന്‍സി സേവനത്തിനായി വിളിച്ച വീട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു ചീങ്കണ്ണിയുടെ പിന്നീടുള്ള നടപടികള്‍. ആളുകള്‍ ശ്രദ്ധിക്കുന്നത് കാണുകയും പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ വീട്ടുകാരെയും അയല്‍പക്കക്കാരെയും ഭയപ്പെടുത്തി മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചു ഏഴ് അടി നീളമുള്ള ചീങ്കണ്ണി. 

അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. രാവിലെ വീടിന് പിന്നിലെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ വീട്ടുകാരുടെ മുന്നിലാണ് ഏഴ് അടി നീളമുള്ള ചീങ്കണ്ണി വന്നുപെട്ടത്. വീട്ടുകാര്‍ ഓടി വീട്ടില്‍ കയറി ശബ്ദമുണ്ടാക്കി ചീങ്കണ്ണിയെ ഓടിക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെയാണ് വന്യജീവി വിഭാഗത്തിന്റെ സഹായം തേടിയത്. 

വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചീങ്കണ്ണിയെ പിടികൂടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നത്. തോട്ടത്തിലൂടെ ഓടിയ ചീങ്കണ്ണി അയല്‍ക്കാരന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. ഇഴഞ്ഞ് നീങ്ങുകയല്ലാതെ രണ്ട് കാലില്‍ ഉയര്‍ന്ന് വേലി ചാടിക്കടക്കാനുള്ള ചീങ്കണ്ണി ശ്രമിച്ചത് വീട്ടുകാര്‍ ചിത്രമെടുത്തു. എന്നാല്‍ ഇഴജന്തുക്കള്‍ ഇത്തരത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെടുന്നത് ആദ്യമായാണ് എന്നാണ് അധികൃതര്‍ പറയുന്നത്.