അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പായി. അല്‍പേഷ് താക്കൂറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം അഹമ്മദാബാദില്‍ ബുധനാഴ്ച്ച നടക്കുന്ന ജനദേശ് സമ്മേളനത്തില്‍ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

ഗുജറാത്തിലെ ഒബിസി, എസ്‌സി-എസ്ടി ഏക്താ മഞ്ചിന്‍റെ കണ്‍വീനറാണ് അല്‍പേഷ് താക്കൂര്‍. താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി പ്രതികരിച്ചു. അല്‍പേഷ് താക്കൂറിനെ കൂടാതെ പിന്നോക്ക സമരനായകരായ ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, എന്നിവരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 

Scroll to load tweet…