ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. കേന്ദ്രമന്ത്രിമാരെയും എംപിമാരെയും എത്തിച്ചാൽ പൊലീസിന് എളുപ്പം നിയന്ത്രിക്കാനാകില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു.

പത്തനംതിട്ട: ഓരോ ദിവസവും ദേശീയ നേതാക്കളടക്കം ഒരോ നേതാക്കളെ ശബരിമലയില്‍ എത്തിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഓരോ നേതാക്കളെ വീതം ശബരിമലയിലെത്തിക്കാന്‍ ബിജെപി തീരുമാനം. 

മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബിജെപി പുതിയ തന്ത്രം സ്വീകരിക്കുന്നതെന്നാണ് സൂചന. 

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നു. സുപ്രീംകോടതി വിധി ലംഘിക്കുകയും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോവുന്നതില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചിരുന്നു. 

ഇന്ന് ശബരിമലയിലെത്താനിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികല, നാളെ പുലര്‍ച്ചയോടെ ശബരിമലയിലെത്തും. നേരത്തേ ശബരിമലയിലെത്തിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത ശശികലയെ ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് വീണ്ടും ശബരിമലയിലെത്തുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.