'രാജ്യാന്തര ടൂറിസം മേളയില്‍ മികച്ച പവലിയനുള്ള പുരസ്കാരം ഇന്ത്യക്ക്'

ദില്ലി: ബെര്‍ലിനില്‍ നടന്ന രാജ്യാന്തര ടൂറിസം മേളയില്‍ മികച്ച പവലിയനുള്ള പുരസ്കാരം ഇന്ത്യക്ക് ലഭിച്ചതായി ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഹര്‍ത്താല്‍ സംസ്കാരം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം രംഗത്തെ ഇത് പിന്നോട്ടടിക്കുമെന്ന് അദ്ദേഹം പറഞ്ഞു

ബെര്‍ലിന്‍ ടൂറിസം മേളയില്‍ ഇതാദ്യമായാണ് ഇന്ത്യ മികച്ച പവിലിയനുള്ള പുരസ്കാരം നേടുന്നത്. ഇന്ത്യാ ടൂറിസത്തിന് മേളയില്‍ മികച്ച പ്രതികരമാണ് ലഭിച്ചതെന്ന് കണ്ണന്താനം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്തയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായി.

തമിഴ്നാട് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവയാണ് ടൂറീസ്റ്റുകളുടെ എണ്ണത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളിലുള്ളത്. കേരളം എട്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ ഹര്‍ത്താലുകളാണ് കേരളത്തിന്‍റെ പ്രധാന പ്രശ്നമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.