കനത്ത മഴയില്‍ മണ്ണിടിച്ചില്‍ പതിവായ വയനാട് ചുരത്തിന് ബദല്‍ പാത വേണമെന്ന ആവശ്യം ശക്തമാകുന്നു.തുരങ്കപാത പദ്ധതിക്കായി കൊങ്കണ്‍ റയില്‍വേ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വയനാട്: കനത്ത മഴയില്‍ മണ്ണിടിച്ചില്‍ പതിവായ വയനാട് ചുരത്തിന് ബദല്‍ പാത വേണമെന്ന ആവശ്യം ശക്തമാകുന്നു.തുരങ്കപാത പദ്ധതിക്കായി കൊങ്കണ്‍ റയില്‍വേ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കനത്ത മഴയില്‍ ഇക്കുറി 10 തവണയെങ്കിലും ചുരത്തില്‍ മണ്ണിടിഞ്ഞു. 9 വളവുകളില്‍ അഞ്ചിടങ്ങളില്‍ വിള്ളലും കണ്ടു. ഗതാഗതകുരുക്ക് പതിവ് കാഴ്ച. അത്യന്തം അപകടാവസ്ഥയിലുള്ള ഈ പാതയിലെ ഗതാഗതത്തിന് ബദല്‍ മാര്‍ഗം തേടണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നു . 2014ല്‍ തിരുവന്തപുരത്തെ റൂബി സോഫ്റ്റ് ടെക് എന്ന സ്ഥാപനത്തെ ബദല്‍ പാതക്കായുള്ള സാധ്യത പഠനത്തിന് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ചു. തുരങ്കപാതക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുമ്പോഴേക്കും സര്‍ക്കാരിന്‍റെ കാലാവധി അവസാനിച്ചിരുന്നു.

ഈ സര്‍ക്കാര്‍ സാധ്യത പഠനത്തിനായി കൊങ്കണ്‍ റയില്‍വേയാണ് സമീപിച്ചത്. ചുരത്തിന് അടിവാരത്തുള്ള രണ്ട് വളവുകള്‍ നിലനിര്‍ത്തി ആനക്കാംപൊയില്‍ കള്ളാടി വഴി മേപ്പാടിയിലെത്തും വിധം 35 കിലോമീറ്റര്‍ തുരങ്കപാതക്കുള്ള സാധ്യത പഠന റിപ്പോര്‍ട്ട് കൊങ്ണ്‍ റയില്‍വേ കഴിഞ്ഞ വര്‍ഷം നല്‍കി. 400 മീറ്ററില്‍ മലതുരന്നാല്‍ 15 മീറ്റര്‍ വീതിയില്‍ നാല് വരി പാതക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ദേശീയ പാത അതോറിറ്റി ചുരത്തെ കുറിച്ച്ഒരു വര്‍ഷം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടിലും തുരങ്കപാതയുടെ സാധ്യതയിേലക്കാണ് വിരല്‍ചൂണ്ടുന്നത്

കൊങ്കണ്‍ റയില്‍വേയുടെ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ച് ധനവകുപ്പിന് നല്‍കിയിരിക്കുകയാണെന്നാണ് മന്ത്രി ജി . സുധാകരന്‍റെ പ്രതികരണം. 600 കോടി രൂപയാണ് പദ്ധതിക്കായി കണ്ടെത്തേണ്ടത്. ഈ തുക ദേശീയപാത അതോറിറ്റി നല്‍കില്ലെന്നും സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഫയല്‍ പരിശോധിച്ച് വരുന്നുവെന്നാണ് ധനവകുപ്പിന്‍റെ പ്രതികരണം.