ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം പൊലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: ആലുവയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ അടക്കം നാല് പൊലീസുകാരെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. എഎസ്ഐ ഇന്ദുചൂഢന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പുഷ്പരാജ്, അബ്ദുള്‍ ജലീല്‍, അഫ്സല്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഉസ്മാനെ റോഡില്‍ വച്ച് മര്‍ദ്ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.

എടത്തല സ്റ്റേഷന്‍ എസ് ഐ അരുണിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറല്‍ എസ്പി ഐജിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എടത്തല സ്റ്റേഷന്‍ എസ് ഐ യ്ക്കും മര്‍ദ്ദിച്ച പൊലീസുകാര്‍ക്കും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

പൊലീസ് വാഹനവുമായി കൂട്ടിമൂട്ടിയതിനെ തുടർന്ന് ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തിൽ ഇടിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. പോക്സോ കേസിൽ പ്രതികളായ രണ്ട് പേരുമായി തൃശൂർ ഭാഗത്ത് നിന്ന് സ്വകാര്യ വാഹനത്തിൽ പൊലീസുകാർ എടത്തലയിലേക്ക് വരികയായിരുന്നു.

ആലുവ കുഞ്ചാട്ടുകരയിൽ വച്ച് പൊലീസ് സഞ്ചരിച്ച കാർ ഉസ്മാന്റെ ബൈക്കിൽ ഇടിച്ചു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കത്തിലാവുകയും ഇത് മർദനത്തിൽ കലാശിക്കുകയും ചെയ്തു. അഞ്ച് പൊലീസുകാർ ചേർന്ന് ഉസ്മാനെ സംഭവ സ്ഥലത്ത് വച്ചും തുടർന്ന് എടത്തല സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മർദിച്ചെന്നാണ് പരാതി. തല പൊട്ടി ചോര വരുന്ന നിലയിലാണ് ഉസ്മാനെ സ്റ്റേഷനിൽ നിന്ന് ആലുവാ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.സംഭവത്തിൽ പ്രതിഷേധവുമായെത്തിയ നാട്ടുകാർ ഒരു മണിക്കൂറോളം എടത്തല പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

തുടർന്ന് സ്ഥലം എംഎൽഎ അൻവർ സാദത്ത് ഐജി വിജയ് സാക്കറേയുമായി ഫോണിൽ സംസാരിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന ഐജിയുടെ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്. അതേസമയം ഉസ്മാന്‍റെ കവിളെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ഇയാള്‍ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.