ദില്ലി: ഇന്ത്യയുടെ വികലമായ മാപ്പ് വില്‍പ്പനയ്ക്കു വെച്ച് ഇ കൊമേഴ്‌സ് വമ്പന്‍മാരായ ആമസോണ്‍ വീണ്ടും വിവാദത്തില്‍. പാകിസ്താനും ചൈനയും തമ്മില്‍ അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയ ഇന്ത്യന്‍ ഭൂപടമാണ് ആമസോണ്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി.

നേരത്തേ ത്രിവര്‍ണ പതാകയോട് സാമ്യമുള്ള ചവിട്ടികളും മറ്റും വില്‍പനയ്ക്ക് വെച്ച് ആമസോണ്‍ വെട്ടിലായിരുന്നു. ഇന്ത്യ ആമസോണിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്പന്നങ്ങള്‍ പിന്‍വലിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ത്രിവര്‍ണ പതാകയുടെ സാമ്യമുള്ള ചവിട്ടികള്‍ ആമസോണ്‍ പിന്‍വലിച്ചത്. 

കമ്പനിയുടെ കാനഡ വെബ്‌സൈറ്റിലാണ് ത്രിവര്‍ണ പതാകയുടെ രൂപകല്‍പനയോട് സാദൃശ്യമുള്ള ചവിട്ടികളുടെ പരസ്യം വന്നത്. എന്നാല്‍ ഇത് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്തപക്ഷം ഒരു ആമസോണ്‍ ഉദ്യോഗസ്ഥനും ഇന്ത്യ വിസ നല്‍കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തതോടെയാണ് പരസ്യം പിന്‍വലിക്കാന്‍ കമ്പനി അന്ന് തയ്യാറായത്.