ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് പതക്കം നഷ്ടപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന് കീഴിലുള്ള സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ടാണ് സ്‌ക്വാഡിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചത്. 

അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ മുന്‍ ഉപദേശകസമിതി സെക്രട്ടറികൂടിയായ ഡി. സുഭാഷില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐ ജി എസ്. ശ്രീജിത്തും ടെമ്പിള്‍ സ്‌ക്വാഡ് എസ്പി സന്തോഷും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇരുവരും എത്തിയില്ല. അന്വേഷണം നടത്തുന്ന സംഘത്തെ ഐജി എസ്. ശ്രീജിത്ത് എറണാകുളത്ത് വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് ശേഷമാണ് സംഘം അമ്പലപ്പുഴയിലെത്തിയത്.

ചൊവ്വാഴ്ച മുതല്‍ ക്ഷേത്രത്തില്‍ ക്യാംപ് ചെയ്ത് അന്വേഷണം നടത്തുമെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് പറഞ്ഞു. ഇതുവരെ അമ്പലപ്പുഴ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളുടെ കേസ് ഡയറി പൂര്‍ണ്ണമായി പരിശോധിച്ചശേഷമാണ് ടെമ്പിള്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ടെമ്പിള്‍ സ്‌ക്വാഡ് വ്യക്തമാക്കി. മുന്‍ അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ അഞ്ച് പേരിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിച്ചിരുന്നു. 

ഇതിലൊരാളായ ക്ഷേത്ര ജീവനക്കാരന്‍ രാജു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ശേഷിക്കുന്ന മറ്റ് നാലുപേരേയും വിശദമായി ചോദ്യം ചെയ്യുമെന്നും ടെമ്പിള്‍ സ്‌ക്വാഡ് വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് അമ്പലപ്പുഴ കോടതിയില്‍ കൈമാറും. കഴിഞ്ഞ ഏപ്രില്‍ 19 നാണ് തിരുവാഭരണത്തിലെ പതക്കം കാണാതെ പോയത്. ഇതിന് ശേഷം 20 ന് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 23 ന് രൂപമാറ്റം വരുത്തിയ നിലകളില്‍ പതക്കം ലഭിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നവംബര്‍ 20 ന് ടെമ്പിള്‍ സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തെങ്കിലും കഴിഞ്ഞ ദിവസമാണ് അന്വേഷണം ആരംഭിച്ചത്. എസ്‌ഐ ജെ. വിജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ വി.എസ്. വിനോദ് എന്നിവരും സംഘത്തിലുണ്ട്.