സങ്കീര്‍ണ്ണമായ അവയവ മാറ്റ ശസ്‌ത്രക്രിയക്ക് വിധേയയായി തുടര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയത്തെ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന അന്പിളി ഫാത്തിമയാണ് മരിച്ചത്. 22 വയസ്സുണ്ട്. പത്ത് മാസം മുന്‍പാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അന്പിളി ഫാത്തിമയുടെ ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ചത്. ഇടയ്‍ക്ക് അണുബാധയുണ്ടായി സങ്കീര്‍ണ്ണമായ മറ്റൊരു ശസ്‌ത്രക്രിയക്കും വിധേയയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ വീട്ടിലെത്തി തുടര്‍ ചികിത്സയിലിരിക്കെയാണ് വീണ്ടും അണുബാധയുണ്ടായതും ആരോഗ്യ സ്ഥിതി വഷളായതും. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥികളും സമൂഹമാധ്യമങ്ങളും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരുമൊക്കെ ഇടപെട്ടായിരുന്നു ചികിത്സയ്‍ക്കു വേണ്ട പണം സ്വരൂപിച്ചതും അവയവമാറ്റ ശസ്‌ത്രക്രിയ നടത്തിയതുമെല്ലാം. ഏല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചാണ് ഇപ്പോള്‍ അന്പിളി ഫാത്തിമയുടെ മരണവാര്‍ത്ത എത്തിയത് .