വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി മുറ്റത്തെ ഷെഡില്‍ കട്ടപ്പുറത്തായ ഒരു ആംബുലന്‍സുണ്ട്. ജീവിതത്തിനും മരണത്തിനുമിടയില്‍, ജീവിതങ്ങളെ മരണത്തിന്റെ പിടിയില്‍ നിന്നും തിരിച്ചുപിടിച്ച മരണവേഗങ്ങള്‍ക്കൊടുവില്‍ ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സ്. ഇന്ന് ഈ ആംബുലന്‍സ് ഒരു വീടാണ് അഥവാ അറുപത്തഞ്ചുകാരന്‍ രവിക്ക് തലചായ്ക്കാനൊരിടമാണ്.
വാര്‍ധക്യവും രോഗവും തളര്‍ത്തുമ്പോഴും ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സ് തനിക്കാരു വീടൊരുക്കുമെന്ന് ഇദ്ദേഹം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലായിരിക്കാം. കാരണം അത്ര കണ്ട് ഊര്‍ജ്ജസ്വലമായിരുന്നു രവിയുടെ ഭൂതകാലം. മൂത്രാശയ രോഗങ്ങളുടെ പിടിയിലാണ് രവിയിപ്പോള്‍. സ്ഥിരം ജോലിയെടുക്കാന്‍ കഴിയാതെ വന്നതോടെ കടവരാന്തയിലും മറ്റും രാത്രി തള്ളി നീക്കും.
ഒന്നിടവിട്ട് ആശുപത്രിയില്‍ അഡ്മിറ്റാകുന്നതും പണമില്ലാത്തതുമാണ്് ആംബുലന്‍സില്‍ താമസമാക്കാന്‍ കാരണം. ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ അത് വാങ്ങിക്കഴിക്കും. വീണ്ടും വാഹനത്തില്‍ വന്നിരിക്കും. മരുന്നുകുറിപ്പുകളും വസ്ത്രങ്ങളുമൊക്കെ വാഹനത്തില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. ആരെങ്കിലും സഹായിച്ചാലും ആശുപത്രിയില്‍ ഇല്ലാത്ത മരുന്ന് ടൗണിലെത്തി വാങ്ങാന്‍ അവശത കാരണം കഴിയാറില്ല. തൃശൂര്‍ ജില്ലയിലെ പടിഞ്ഞാറെ കോട്ടയാണ് സ്വദേശമെന്ന് രവി പറയുന്നു. കുറവത്ത് എന്ന വീട്ടുപേരും ഇദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. 25 ാം വയസില്‍ വയനാട്ടിലെത്തിയതാണ്.
ആദ്യനാളുകളില്‍ തോട്ടങ്ങളില്‍ സ്ഥിരം പണി ലഭിച്ചിരുന്നു. മുതലാളിമാരുടെ വീടുകളിലും വാടകമുറികളിലുമൊക്കെയായിരുന്നു താമസം. വിവാഹം കഴിച്ചിട്ടില്ല. നാട്ടില്‍ ബന്ധുക്കളുണ്ട്. അവരയെല്ലാം കാണണമെന്നുണ്ട്. എന്നാല്‍ ഇത്രയും നാള്‍ നാട്ടിലെത്താതിരുന്ന തന്നെ അവര്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നത് പ്രശ്‌നമാണെന്ന് രവി പറയുന്നു. കണ്ണടയുന്നതിന് മുമ്പ് ഒരിക്കലെങ്കിലും നാട്ടിലെത്തി ബന്ധുക്കളെ കാണണമെന്ന ആഗ്രഹത്തില്‍ ആംബുലന്‍സിലെ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് രവിയിപ്പോള്‍.
