വാഷിംഗ്ടണ്‍: ബജറ്റ് പ്രതിസന്ധിയിൽ അമേരിക്കൻ സെനറ്റിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ഭരണസ്തംഭനത്തിന്‍റെ ആദ്യദിവസം അമേരിക്കയിൽ സർക്കാർ സ്ഥാപനങ്ങളടക്കം പലതും പ്രവർത്തിക്കുന്നില്ല. . ചർച്ചകളിൽ നിന്നെല്ലാം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിട്ടുനിൽക്കുന്നുവെന്നാണ് ആരോപണം.
ജോലിക്ക് ഹാജരാകാൻ കഴിയാത്ത ഭൂരിപക്ഷത്തിനും ശമ്പളവും കിട്ടില്ല. കോമ്പാറ്റ് വിഭാഗത്തിൽപെടുന്ന സൈനികർക്ക് വിട്ടുനിൽക്കാൻ കഴിയില്ലെങ്കിലും ശമ്പളം ഉണ്ടാവില്ല. പല വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു. കോടിക്കണക്കിനാണ് സർക്കാരിന് ഒരു ദിവസത്തെ നഷ്ടം.
ചർച്ചകൾക്ക് ഡമോക്രാറ്റുകൾ തയ്യാറാണെങ്കിലും റിപ്പബ്ലിക്കന്‍ പാർട്ടി വിസമ്മതിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്റും ഇടപെടുന്നില്ല. പ്രതിസന്ധിക്ക് ഡമോക്രാറ്റുകളെ കുറ്റം പറയുന്ന ട്രംപ് റിപ്പബ്ലിക്കന്‍ പാർട്ടിയെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ വിജയമായിരിക്കും എന്നു പറയാനും മടിച്ചില്ല.
അതിനി കാണാനിരിക്കുന്നതേയുള്ളു എന്നാണ് വിലയിരുത്തൽ, പക്ഷേ മധ്യസ്ഥതക്ക് മിടുക്കനാണെന്ന് പ്രചാരണകാലത്തേ വീമ്പിളക്കുമായിരുന്ന പ്രസിഡന്റ് എന്തുകൊണ്ട് ആ കഴിവ് ഉപയോഗിക്കുന്നില്ലെന്ന് ചോദിക്കുന്നു നിരീക്ഷകർ. ആധുനികകാലത്തെ പ്രസിഡന്‍റുമാരില്‍ ഏറ്റവും കുറഞ്ഞ ജനപിന്തുണയും ട്രംപിനാണെന്ന റിപ്പോട്ടിന്‍റേയും കൂടി പശ്ചാത്തലത്തിലാണ് ബജറ്റ് പ്രതിസന്ധി.
