8 ദിവസത്തിനകം ഏതാണ്ട് 14 ലക്ഷം ഡോളര്‍, അതായത്- 9.8 കോടി ഇന്ത്യന്‍ രൂപയാണ് ഇവര്‍ ക്യാംപയിനിലൂടെ സമാഹരിച്ചത്. അഭിനന്ദനങ്ങളോടെയാണ് മുഖ്യമന്ത്രി ഇരുവരെയും സ്വീകരിച്ചത് 

ചിക്കാഗോ: പ്രളയത്തെ തുടര്‍ന്ന് നാട് വലയുന്നത് അമേരിക്കയിലെ ചിക്കാഗോയിലിരുന്നാണ് അരുണും, അജോമോനും കണ്ടത്. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് വ്യവസായികളായ ഇരുവരെയും ഒരു ഫണ്ട് റൈസിംഗ് ക്യാംപയിന്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. 

ആദ്യം സുഹൃത്തുക്കളോടായിരുന്നു ഈ ആശയത്തെ പറ്റി പറഞ്ഞത്. മികച്ച പ്രതികരണമായിരുന്നു അവര്‍ നല്‍കിയത്. തുടര്‍ന്ന് ക്യാംപയിനുമായി ഇരുവരും മുന്നോട്ടുപോയി. 8 ദിവസത്തിനകം ഏതാണ്ട് 14 ലക്ഷം ഡോളര്‍, അതായത്- 9.8 കോടി ഇന്ത്യന്‍ രൂപയാണ് ഇവര്‍ ക്യാംപയിനിലൂടെ സമാഹരിച്ചത്. 

'കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ' എന്ന പേരില്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനായിരുന്നു തീരുമാനം. മലയാളികള്‍ മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും യുവാക്കളുടെ സംരംഭത്തില്‍ പങ്കാളികളായി. ഇക്കാര്യമറിഞ്ഞ മുഖ്യമന്ത്രി തന്നെ നിരില്‍ വന്ന് കണ്ട് തുക കൈമാറാന്‍ ഇരുവരെയും ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും നാട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറിയത്. 

അഭിനന്ദനങ്ങളോടെയാണ് ഇരുവരെയും മുഖ്യമന്ത്രി സ്വീകരിച്ചത്. പുതിയ കേരളത്തിനായി ഇവര്‍ സമാഹരിച്ച 9.8 കോടി രൂപയും മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി വാങ്ങി. 

കോട്ടയമാണ് അരുണിന്റെയും അജോമോന്റെയും നാട്. ഇവരുടെ ഏതാനും ബന്ധുക്കളെയെല്ലാം പ്രളയം ബാധിച്ചിരുന്നു. ഫണ്ട് റൈസിംഗ് ക്യാംപയിന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലായിരുന്നുവെന്നും മുന്നോട്ടുനീങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.