സിയോള്‍: ഉത്തരകൊറിയക്കെതിരെ യോജിച്ച് നീങ്ങാൻ അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ധാരണയിലെത്തി. ഉത്തരകൊറിയൻ സൈന്യത്തിന്‍റെ വാർഷികത്തോടനുബന്ധിച്ച് ആണവ പരീക്ഷണം വരെയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ധാരണ.
ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ റഷ്യയുടെയും ചൈനയുടെയും സഹകരണവും ആവശ്യമാണെന്ന് മൂന്ന് രാജ്യങ്ങളും വിലയിരുത്തി. ആഘോഷങ്ങളുടെ ഭാഗമായി ഉത്തരകൊറിയ നടത്തിയ സൈനികാഭ്യാസം ശക്തിപ്രകടനമായി മാറി സൈന്യത്തിന്‍റെ വാർഷികാഘോഷവേളകളിൽ മിസൈൽ പരീക്ഷണങ്ങൾ നടത്തുക ഉത്തരകൊറിയയുടെ പതിവാണ്.
അമേരിക്കയുമായി തർക്കം നിലനിൽക്കുന്ന 85ആം വാർഷികാഘോഷത്തോടനുബന്ധിച്ച് ആണവ പരീക്ഷണം വരെ ഉണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.ഇതിനിടെയാണ് യോജിച്ച് മുന്നേറാൻ അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും തീരുമാനിച്ചത്. മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ ദക്ഷിണ കൊറിയയിൽ യോഗം ചേർന്നു.
ഉത്തരകൊറിയക്കെതിരെ നയതന്ത്ര, സൈനിക, സാമ്പത്തിക തലത്തിലുള്ള നീക്കങ്ങളിൽ സഹകരിച്ച് നീങ്ങുമെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചു. ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ റഷ്യയുടെയും ചൈനയുടെയും സഹകരണവും ആവശ്യമാണെന്ന് മൂന്ന് രാജ്യങ്ങളും വിലയിരുത്തി.
അണ്വായുധാക്രമണം നടത്താൻ വരെ ശേഷിയുള്ള അമേരിക്കൻ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ കൊറിയൻ തീരത്ത് എത്തിയിട്ടുണ്ട്. വിമാനവാഹിനി യുഎസ്എസ് കാൾ വിൻസനടക്കമുള്ള പടക്കപ്പലുകൾ നേരത്തെ തന്നെ മേഖലയിലെത്തിയിരുന്നു. പടക്കപ്പലുകളെ കടലിൽ മുക്കിക്കളയുമെന്നും ആവശ്യമെങ്കിൽ ആദ്യം ആക്രമണം നടത്തുമെന്നും ഉത്തരകൊറിയ പറഞ്ഞതിന് പിന്നാലെയാണ് അന്തർവാഹിനി കൂടി കൊറിയൻ തീരത്തെത്തിയത്.
നാളെ വൈറ്റ്ഹൗസിൽ വിളിച്ചിരിക്കുന്ന അമേരിക്കൻ സെനറ്റർമാരുടെ അടിയന്തര യോഗത്തിന് ശേഷം എന്തെങ്കിലും തന്ത്രപ്രധാനമായ നീക്കത്തിന് അമേരിക്ക കോപ്പുകൂട്ടുന്നുണ്ടെയെന്നും വ്യക്തമല്ല. ഉത്തരകൊറിയയുടെയും അമേരിക്കയുടെയും നീക്കങ്ങളെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
