ന്യുയോർക്ക്: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ യുഎസിൽ മുസ്ലിം യുവതിയെ ബാങ്കിൽനിന്നു പുറത്താക്കി. ശിരോവസ്ത്രം മാറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തിയശേഷമാണ് സ്ത്രീയെ ബാങ്കിൽനിന്നു പുറത്താക്കിയത്. വാഷിംഗ്ടണിലെ സൗണ്ട് ക്രെഡിറ്റ് യൂണിയൻ ബാങ്കിന്റെ ശാഖയിൽവച്ചാണ് ജമീല മുഹമ്മദിന് ദുരനുഭവം നേരിടേണ്ടിവന്നത്.
ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ വെള്ളിയാഴ്ചയായതിനാൽ അത് മാറ്റാൻ കഴിയില്ലെന്നു ജമീല പ്രതികരിച്ചതാണ് ബാങ്ക് ജീവനക്കാരിയെ പ്രകോപിപ്പിച്ചത്. തൊപ്പികൾ, ശിരോവസ്ത്രങ്ങൾ, സണ്‍ഗ്ലാസുകൾ, സ്കാർഫുകൾ എന്നിവ ബാങ്കിനുള്ളിൽ നിരോധിച്ചിരുന്നു.
വെള്ളിയാഴ്ചയാണെന്നു പറഞ്ഞശേഷവും ശിരോവസ്ത്രവും സ്കാർഫും മാറ്റണമെന്നു നിർബന്ധം പിടിച്ചതിനെ തുടർന്ന് ജമീല പുറത്തുപോയി സ്കാർഫ് മാറ്റിവന്നു. എന്നാൽ ഹിജാബ് കൂടി മാറ്റണമെന്ന് ജീവനക്കാരി നിർബന്ധം പിടിച്ചു. ഇത് പറ്റില്ലെന്നു പറഞ്ഞതോടെ ബാങ്ക് ജീവനക്കാരി പോലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് ഇടപാട് നടത്താൻ പറ്റാതെ ജമീല ബാങ്കിൽനിന്നു പുറത്തിറങ്ങുകയായിരുന്നു.
പക്ഷേ, ബാങ്ക് ജീവനക്കാരിയും ജമീലയും തമ്മിൽ തർക്കമുണ്ടാകുന്ന സമയം, തൊപ്പി ധരിച്ച രണ്ടു പുരുഷൻമാർ ബാങ്കിനുള്ളിൽ വന്നുപോയി. ഇവരെ ജീവനക്കാർ തടഞ്ഞതുമില്ല. ബാങ്ക് ജീവനക്കാരുടെ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ ജമീല മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വംശീയാതിക്രമം എന്നാണ് സംഭവത്തെ ജമീല വിശേഷിപ്പിച്ചത്.
