ജലവിതരണം പ്രതിസന്ധിയിൽ ഷിംലയിൽ സ്കൂളുകൾ അടച്ചിടും ഒരു ദിവസം ആവശ്യമായത് 35 മില്യൺ ജലം

ഷിംല: ജലവിതരണം തടസ്സപ്പെട്ടതിനാൽ ഷിംലയിൽ സർക്കാർ സ്കൂളുകൾ തിങ്കൾ മുതൽ അഞ്ചു ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനം. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഷിംലയിലെ പലയിടങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇതിനെച്ചൊല്ലി ജനങ്ങൾ പ്രതിഷേധത്തിലാണ്. 32 മുതൽ 35 മില്യൺ വെള്ളമാണ് ഒരു ദിവസം ന​ഗരത്തിലാകെ വേണ്ടത്. ജലവിതരണത്തിന്റെ അശ്രദ്ധ മൂലമാണ് ഇത്തരത്തിൽ ജലക്ഷാമം എന്ന് ചൂണ്ടിക്കാണിച്ച് ജലസേചന-ആരോ​ഗ്യവകുപ്പ് മന്ത്രി മഹീന്ദർ സിം​ഗ് ഷിംല മുൻസിപ്പൽ കോർപറേഷൻ എസ്ഡിഒ യെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. 

ഷിംല മേയർ, ‍ഡപ്യൂട്ടി മേയർ, മുൻസിപ്പൽ കമ്മീഷണർ എന്നിവരുടെ രാജിയാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്. കാസുംപതി, പന്തഘട്ടി, ജിവാൻ എന്നിവിടങ്ങളിലെ റോഡ് ഉപരോധിച്ചാണ് ജനങ്ങൾ പ്രതിഷേധിച്ചത്. ജലനിയന്ത്രണ കേന്ദ്രത്തിൽ എത്തിയും സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. മുനിസിപ്പൽ കോർപറേഷൻ ന​ഗരത്തെ മൂന്നായി വിഭജിച്ച് ജലവിതരണം നടത്തിയെങ്കിലും ഒരിടത്തും മതിയായ വെള്ളമെത്തിക്കാൻ സാധിച്ചില്ല. ഹിമാചൽ പ്രദേശ് ഹൈക്കോടതി എത്രയും പെട്ടെന്ന് ജലവിതരണ പ്രതിസന്ധി പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.