മധുര: അണ്ണാ ഡിഎംകെയില്‍ എടപ്പാടി-പനീര്‍സെല്‍വം പക്ഷങ്ങളെ വെല്ലുവിളിച്ച് മധുരയിലെ മേലൂരില്‍ ടിടിവി ദിനകരന്റെ വമ്പന്‍ ശക്തിപ്രകടനം.അരലക്ഷത്തിലധികം ജനങ്ങള്‍ അണിനിരന്ന എംജിആര്‍ അനുസ്മരണ പരിപാടിയില്‍ 23 എംഎല്‍എമാരും നാല് എംപിമാരും പങ്കെടുത്തു. അണ്ണാ ഡിഎംകെ എന്ന ദ്രാവിഡപാര്‍ട്ടിയ്‌ക്ക് ശശികലയുടെ മണ്ണാര്‍ഗുഡി കുടുംബവുമായുള്ള അഭേദ്യബന്ധം തെളിയിയ്‌ക്കുന്നതായിരുന്നു മധുരയിലെ മേലൂരില്‍ ടിടിവി ദിനകരന്‍റെ നേതൃത്വത്തില്‍ നടന്ന വമ്പന്‍ ശക്തിപ്രകടനം.
ദിനകരന് കയറാന്‍ വിലക്കുള്ള ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്തിന്‍റെ മാതൃകയിലൊരുക്കിയ വേദിയില്‍ അണിനിരന്നത് 20 എംഎല്‍എമാരും 3 സ്വതന്ത്രരും നാല് എംപിമാരും. ദിനകരനെത്തുന്നതു വരെ സെന്തില്‍ ബാലാജി നല്‍കിയ സ്വാഗതപ്രസംഗമൊഴിച്ചാല്‍ വേദിയില്‍ ഒരേയൊരു പ്രധാനപ്രാസംഗികന്‍ മാത്രം. അണ്ണാ ഡിഎംകെയുടെ ചരിത്രവും മണ്ണാര്‍ഗുഡി കുടുംബത്തിനും ശശികലയ്‌ക്കും ജയലളിതയുമായുള്ള ബന്ധവും എണ്ണിപ്പറഞ്ഞ് ടിടിവി ദിനകരന്‍.
അതേസമയം, കേന്ദ്രമന്ത്രി പദത്തെയും സംസ്ഥാന മന്ത്രിസഭയിലെ പദവികളെയും ചൊല്ലി പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കം നടക്കുന്നതിനാല്‍ ലയനനീക്കവും വൈകുകയാണ്. ഒപിഎസ് പക്ഷത്തെ എംപി മൈത്രേയന് കേന്ദ്രമന്ത്രിപദമുറപ്പാണെങ്കിലും മറ്റ് പദവികള്‍ എങ്ങനെ വീതം വെയ്‌ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ഒ പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്. ദിനകരന്റെ ശക്തിപ്രകടനവും ലയനനീക്കവും വിലയിരുത്തി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ആലോചന പ്രതിപക്ഷമായ ഡിഎംകെയും ഒരുവശത്ത് നടത്തുന്നുണ്ട്.
അതേസമയം, അധികാരത്തര്‍ക്കത്തെത്തുടര്‍ന്ന് ലയനം വൈകുന്ന സാഹചര്യത്തില്‍ ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ പൊതുരാഷ്‌ട്രീയസാഹചര്യം, പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അണികളുടെ വികാരം എന്നിവ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
