ദില്ലി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് കരുതലോടെയാവണം എന്ന് ചൈന അവരുടെ പൗരൻമാർക്ക് നിർദ്ദേശം നല്കി. അതിർത്തിയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. അതേസമയം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ വിശദാംശം ഇന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല.
അതിർത്തിയിൽ സംഘർഷത്തിന് അയവുവരാത്ത സാഹചര്യത്തിലാണ് ചൈന ഇന്ത്യിലേക്ക് യാത്ര ചെയ്യുന്ന പൗരൻമാർക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര കരുതലോടെ വേണം എന്നാണ് ചൈന അവരുടെ പൗരൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം സസൂഷ്മം നിരീക്ഷിക്കാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനുമാണ് ചൈനീസ് പൗരൻമാർക്കുള്ള നിർദ്ദേശം.
ദില്ലിയിലെ ചൈനീസ് എംബസിയാണ് ഈ ഉപദേശം ഉൾക്കൊള്ളുന്ന വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇത് ഒരു മുന്നറിയിപ്പ് അല്ലെന്നും ഉപദേശം മാത്രമാണെന്നും എംബസി വിശദീകരിക്കുന്നു. ദോക്ലാം മേഖലയിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻമാറാൻ ചൈന തുടരുന്ന സമ്മർദ്ദത്തിന്റെ തുടർച്ചയാണിതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും നടത്തിയ സംഭാഷണം മഞ്ഞുരുകലിന്‍റെ സൂചന നല്കിയിരുന്നു.
എന്നാൽ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടില്ല. ഇതിനിടെ ചൈനയ്ക്കു മേൽ സമ്മർദ്ദം ചെലുത്താൻ ആസിയൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ നീക്കം തുടങ്ങി. അടുത്ത റിപ്പബ്ളിക് ദിനാഘോഷത്തിന് പത്ത് ആസിയൻ രാജ്യങ്ങളുടെ തലവൻമാരെ അതിഥികളായി ക്ഷണിക്കാനാണ് ആലോചന.
അഞ്ച് ആസിയൻ രാജ്യങ്ങളെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കം. പാകിസ്ഥാനെ സഹായിക്കുകയും ബലൂചിസ്ഥാനിലൂടെ റോഡ് നിർമ്മിക്കുകയും ചെയ്യുന്ന ചൈനയ്ക്കെതിരെ ബലൂചിസ്ഥാൻ പ്രക്ഷോഭകർ ജി ഇരുപത് ഉച്ചകോടി നടക്കുന്ന ഹാംബർഗിൽ പ്രതിഷേധിച്ചു.
