അമിത് ഷായുടെ സന്ദർശനത്തിൽ  തമിഴ്നാട്ടിൽ പ്രതിഷേധവും ശക്തമാണ്. ഗോബാക്ക് അമിത് ഷാ ക്യാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിംഗിൽ ഒന്നാമതാണ്

ചെന്നൈ:തമിഴ്നാടാണ് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം ചെന്നൈ ഇഞ്ചമ്പാക്കത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു അമിത് ഷായുടെ ഇൗ പ്രസ്താവന. 

അഴിമതിയും ജാതി രാഷ്ട്രീയവും അവസാനിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തമിഴ്നാട്ടില്‍ ബി.ജെ.പി എവിടെയാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കിട്ടുമെന്നും അമിത്ഷാ മുന്നറിയിപ്പ് നല്‍കി. വിജയസാധ്യത ഏറെയുള്ള പത്ത് മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സംസ്ഥാന നേതാക്കള്‍ക്ക് അമിത്ഷാ നൽകിയിരിക്കുന്ന നിര്‍ദേശം.

ആർ.എസ്.എസ് സംസ്ഥാന നേതാക്കളുമായി സഖ്യരൂപീകരണ സാധ്യതകള്‍ സംബന്ധിച്ച് അമിത് ഷാ കൂടിയാലോചന നടത്തി. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ സംസ്ഥാന പ്രസിഡന്‍റ് തമിഴ് ഇസൈ സൗന്ദര്‍ രാജനെ മാറ്റി പുതിയ ആളെ നിയമിക്കുന്ന കാര്യങ്ങളും ചര്‍ച്ചചെയ്തു. 

അതേ സമയം അമിത് ഷായുടെ സന്ദർശനത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധവും ശക്തമാണ്. ഗോബാക്ക് അമിത് ഷാ ക്യാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിംഗിൽ ഒന്നാമതാണ്. മുമ്പ് നരേന്ദ്ര മോഡിയുടെ സന്ദർശന സമയത്തും ഗോ ബാക്ക് ക്യാമ്പയിൻ ട്രെൻഡിംഗിൽ ഒന്നാമത് എത്തിയിരുന്നു.