വര്‍ഷങ്ങളായി ഉന്നയിക്കുന്ന മതപദവി ആവശ്യം പരിഗണിച്ച കോണ്‍ഗ്രസിന് സമുദായത്തില്‍ നിന്ന് വോട്ടുപോകും. അധികാരത്തിലെത്തണമെങ്കില്‍ ഈ നഷ്ടം പരിഹരിച്ചേ മതിയാകൂ. മറ്റ് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ അധ്യക്ഷന്‍ അമിത് ഷാ തന്നെ താഴെത്തട്ടില്‍  പ്രചാരണത്തിനിറങ്ങുന്നത് ഇത് മുന്നില്‍ കണ്ടാണ്. 

മൈസൂരു: കര്‍ണാടകത്തില്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നുളള വോട്ടുചോര്‍ച്ച പരിഹരിക്കാന്‍ താഴെത്തട്ടില്‍ പദ്ധതികളുമായി ബിജെപി. ദളിതരുടെയും കര്‍ഷകരുടെയും പിന്തുണ ഉറപ്പാക്കി നഷ്ടം പരിഹരിക്കാനുളള നീക്കങ്ങളാണ് അമിത് ഷാ നേരിട്ട് നടത്തുന്നത്. മൈസൂരുവില്‍ പ്രചാരണം തുടരുന്ന ബിജെപി അധ്യക്ഷന്‍ ഇന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തും.

പരമ്പരാഗതമായി തുണക്കുന്ന ലിംഗായത്തുവോട്ടുകളില്‍ ഇത്തവണ വിളളലുണ്ടാകുമെന്ന് ബിജെപിക്ക് ഏതാണ്ട് ഉറപ്പാണ്. വര്‍ഷങ്ങളായി ഉന്നയിക്കുന്ന മതപദവി ആവശ്യം പരിഗണിച്ച കോണ്‍ഗ്രസിന് സമുദായത്തില്‍ നിന്ന് വോട്ടുപോകും. അധികാരത്തിലെത്തണമെങ്കില്‍ ഈ നഷ്ടം പരിഹരിച്ചേ മതിയാകൂ. മറ്റ് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ അധ്യക്ഷന്‍ അമിത് ഷാ തന്നെ താഴെത്തട്ടില്‍ പ്രചാരണത്തിനിറങ്ങുന്നത് ഇത് മുന്നില്‍ കണ്ടാണ്. 

പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലകളില്‍ വീടുകള്‍ കയറിയുളള പ്രചാരണമാണ് അമിത് ഷാ നയിക്കുന്നത്. കര്‍ഷകരില്‍ നിന്ന് ധാന്യങ്ങള്‍ ശേഖരിച്ചുളള ധാന്യസംഗ്രഹ അഭിയാന്‍ ആണ് അതിലൊന്ന്. സഞ്ചികളില്‍ അരിയും റാഗിയും വാങ്ങി കര്‍ഷകരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. കടക്കെണി കൊണ്ട് ആത്മഹത്യ ചെയ്യില്ലെന്ന്. കര്‍ഷകരെ വൈകാരികമായി സ്വാധീനക്കലാണ് ലക്ഷ്യം. കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന മാണ്ഡ്യ,മൈസൂരു മേഖലയില്‍ ഇത് വിജയിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 

പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാധീനമുളളിടത്ത് പ്രത്യേകം യോഗങ്ങള്‍ വിളിച്ചാണ് പ്രചാരണം. ഇതിനോടകം രണ്ട് പിന്നാക്ക റാലികള്‍ ബിജെപി നടത്തിക്കഴിഞ്ഞു. മൈസൂരുവിലെ ദളിത് നേതാക്കളുടെ യോഗം ബഹളത്തില്‍ അവസാനിച്ചെങ്കിലും രാമനഗര, കോലാര്‍, ചിക്കബല്ലാപുര എന്നിവിടങ്ങളിലും സമാനയോഗങ്ങള്‍ ചേരാനാണ് തീരുമാനം. താഴെത്തട്ടിലെ അമിത് ഷായുടെ തന്ത്രങ്ങളിലൂടെ സമീപകാലത്തുണ്ടായ തിരിച്ചടികള്‍ മറികടക്കാമെന്നാണ് സംസ്ഥാന ബിജെപി കരുതുന്നത്..