ഹൈദരാബാദ്: അടുത്ത വർഷം തെരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. ഹൈദരാബാദിൽ വെള്ളിയാഴ്ച നടത്തിയ പാർട്ടി നേതാക്കളുടെ സമ്മേളനത്തിലാണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്. ബിജെപിയുടെ തെലങ്കാന യൂണിറ്റ് ഓഫീസിൽ വച്ച് നടത്തിയ മീറ്റിം​ഗിന്റെ വിശദാംശങ്ങൾ‌ ബിജെപി ദേശീയ എക്സിക്യൂട്ടീവ് മെമ്പർ പരേല ശേഖർജി മാധ്യമപ്രവർത്തകർക്ക് നൽ‌കി. 

അമിത് ഷാ പറഞ്ഞ അതേ വാചകങ്ങൾ തന്നെയാണ് ശേഖർജി മാധ്യമങ്ങളോട് ആവർത്തിച്ചത്. ഹൈദരാബാദിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു അമിത് ഷാ. എന്നാൽ‌ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും പാർട്ടിയെ ബലപ്പെടുത്താനുള്ള സജ്ജീകരണങ്ങൾ നടത്താൻ അമിത് ഷാ പാർട്ടി അം​ഗങ്ങളെ ആ​ഹ്വാനം ചെയ്തു കൊണ്ടാണ് സംസാരിച്ചത്.