പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ വീട് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ സന്ദര്‍ശിച്ചു. രമിത്തിന്‍റെ അമ്മ നാരായണിയുമായി അമിത് ഷാ സംസാരിച്ചു.   

കണ്ണൂര്‍: പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ വീട് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ സന്ദര്‍ശിച്ചു. രമിത്തിന്‍റെ അമ്മ നാരായണിയുമായി അമിത് ഷാ സംസാരിച്ചു. അമിത് ഷാക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളളയും രമിത്തിന്‍റെ വീട് ഇന്ന് സന്ദര്‍ശിച്ചു. കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോഴും രമിത്തിന്‍റെ വീട് സന്ദര്‍ശിക്കാന്‍ അമിത് ഷായ്ക്ക് കഴിഞ്ഞിരുന്നില്ല. 

2016 ഒക്ടോബര്‍ 12നാണ് പിണറായിയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഒരു സംഘം ആളുകള്‍ രമിത്തിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രമിത്തിലെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കണ്ണൂരിലെ ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ ഇന്ന് കേരളത്തിലെത്തിയത്. അതേസമയം, ശരണം വിളിച്ചുകൊണ്ടാണ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ തുടങ്ങിയത്. ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരെയും ഇടത് സർക്കാരിനെതിരെയും അമിത ഷാ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സുപ്രീംകോടതിയ്ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നാണ് വിമര്‍ശിച്ചത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ ഭീഷണി മുഴക്കി.

കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.