അഹമ്മദാബാദ്: ഗുജറാത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് ബിജെപി പ്രചാരണത്തിന് തുടക്കം കുറിച്ച് അമിത് ഷാ. അമേഠി മണ്ഡലത്തില്‍ വികസനം കൊണ്ടുവരാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിയാണ് ഗുജറാത്ത് മോഡലിനെ വിമര്‍ശിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു.
ആറു ദിവസം ഗുജറാത്തൊട്ടാകെ പര്യടനം നടത്തുന്ന അമിത് ഷാ കച്ചിലാണ് ആദ്യമെത്തിയത്. ഗാന്ധിദാം മോദ്രി ഭാവ്നഗര്‍ അഹമ്മദാബാദ് എന്നിവിടങ്ങിളില്‍ ഷാ പ്രസംഗിച്ചു. ഗുജറാത്തിലെത്തി ആരോഗ്യരംഗം മോശമെന്ന് പറയുന്ന രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ എന്ത് നടക്കുന്നുവെന്ന് അന്വേഷിക്കണമെന്ന് അമിത് ഷാ പരിഹസിച്ചു.
ആദിവാസി പട്ടേല്‍ വിഭാഗങ്ങള്‍ ധാരാളമുള്ള നവസാരി, വല്‍സദ് സബര്‍കന്ത തുടങ്ങിയ പ്രദേശങ്ങള്‍ അമിത് ഷാ നാളെ സന്ദര്‍ശിക്കും. നോട്ട് നിരോധനം ജിഎസ്‌ടി എന്നീ പരിഷ്കരണങ്ങളില്‍ അസന്തുഷ്‌ടരായ വസ്‌ത്ര-വജ്ര വ്യാപാരികളുമായി ഏഴാം തീയതി ചര്‍ച്ച നടത്തും. വിവിധ സമുദായ നേതാക്കളെ ചേര്‍ത്ത് മഹാസഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് കൂടുതല്‍ യുവ നേതാക്കളെ മുന്നണിയില്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, തന്നെ തകര്‍ക്കാന്‍ ബിജെപി ഗൂഡാലോചന നടത്തുകയണെന്ന ആരോപണവുമായി പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി. വ്യാജ ലൈഗീക സിഡി തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തിറക്കാന്‍സാധ്യതയുണ്ടെന്ന് ഹാര്‍ദിക് വ്യക്തമാക്കി.
