രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന് സംസ്ഥാന ഘടകം വിലയിരുത്തുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ നേതാക്കൾക്കിടയിൽ ഭിന്നത പ്രകടമാണ്. സാധ്യത പട്ടിക തയ്യാറാക്കിയതിനെതിരെ ഒരുവിഭാഗം നേതാക്കൾ ഇതിനകം തന്നെ കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുമുണ്ട്. 


പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി ബിജെപി അധ്യക്ഷൻ അമിത് ഷ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവർത്തനങ്ങൾ വിലയിരുത്തും. സ്ഥാനാർത്ഥി നിർണയത്തിലുളള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് നരേന്ദ്ര മോദി എത്തിയതിന് പുറകെയാണ് ദേശീയ അധ്യക്ഷനുമെത്തുന്നത്. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന് സംസ്ഥാന ഘടകം വിലയിരുത്തുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ നേതാക്കൾക്കിടയിൽ ഭിന്നത പ്രകടമാണ്. സാധ്യത പട്ടിക തയ്യാറാക്കിയതിനെതിരെ ഒരുവിഭാഗം നേതാക്കൾ ഇതിനകം തന്നെ കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുമുണ്ട്. 

ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി അധ്യഷന്റെ വരവ്. ഉച്ചയ്ക്ക് മൂന്നുമണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ, സംസ്ഥാന ഭാരവാഹികളുമായും ലോക്സഭ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവരുമായും കൂടിക്കാഴ്ച നടത്തും. അമിത് ഷ എത്തുന്നതിന് മുമ്പ്, കോർ കമ്മറ്റിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും 

ഇക്കുറി കേരളത്തിൽ ബിജെപി ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ബൂത്ത് തലം തൊട്ടുളള പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടി ലക്ഷ്യമിട്ടാണ് അമിത് ഷയെ പാലക്കാട്ടെത്തിക്കുന്നത്. നേതൃയോഗത്തിന് ശേഷം, ബൂത്ത് പ്രതിനിധികളുടെ യോഗത്തിലും അമിത് ഷ പങ്കെടുക്കും.