ലക്‌നോ: ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 74 കുട്ടികള്‍ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യയെപ്പോലെ വലിയൊരു രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും രാജി ആവശ്യപ്പെടലാണ് കോണ്‍ഗ്രസിന്റെ ജോലിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
മസ്തിഷ്ക ജ്വരം ബാധിച്ച് ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട നിരവധി കുട്ടികളാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്. അതേസമയം, സംസ്ഥാനം ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കെ ജനങ്ങളോട് വിപുലമായ രീതിയില്‍ ജന്‍മാഷ്ഠമി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ജന്‍മാഷ്ടമി പ്രധാനപ്പെട്ട ഉത്സവമാണെന്നും അത് പരമ്പരാഗതരീതിയില്‍ ആഘോഷമാക്കാന്‍ പോലീസിനോട് ആവശ്യമായതെല്ലാം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ടെന്നും ദുരന്തം ഓക്‌സിജന്‍ ക്ഷാമം മൂലമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. യു.പിയിലെ ജനങ്ങള്‍ക്ക് ജന്മാഷ്ഠമി ഏതു രീതിയില്‍ വേണമെങ്കിലും ആഘോഷിക്കാമെന്നും ജന്മാഷ്ടമി വലിയ രീതിയില്‍ ആഘോഷിക്കാന്‍ ആദിത്യനാഥ് നിര്‍ദേശിച്ച വിഷയത്തില്‍ അമിത് ഷാ പ്രതികരിച്ചു
