കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായാണ് അമിത് ഷാ എത്തിയത് .ബിജെപി  നേതാക്കളുമായി 10 മിനിറ്റോളം സംസാരിച്ചതിന് ശേഷമാണ് അമിത് ഷാ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വലിയ സ്വീകരണമാണ് അമിത് ഷായ്ക്ക് വിമാനത്താവളത്തില്‍ ഒരുക്കിയത്. 

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് കൃത്യമായ നിലപാടുമായി ഇടത് മുന്നണിയും കടുത്ത നടപടികളുമായി സർക്കാരും മുന്നോട്ടുപോകുമ്പോഴാണ് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തിയിരിക്കുന്നത്. ശബരിമലയെക്കുറിച്ചുള്ള പാർട്ടി നയത്തിൽ ആശയക്കുഴപ്പങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകാതിരിക്കാൻ കേന്ദ്രനേതൃത്വത്തിൽ നിന്ന് ഒരു നിർദേശമാണ് സംസ്ഥാനനേതൃത്വം ഇനി പ്രതീക്ഷിയ്ക്കുന്നത്.