പാർടി അദ്ധ്യക്ഷൻ അമിത്ഷായുടെ കാലാവധി വരുന്ന ജനുവരിയിൽ അവസാനിക്കുമെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകില്ല

ദില്ലി: ലോക്സഭ തെരഞ്ഞൊടുപ്പിന് മുന്നോടിയായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദ്ദികരിക്കാൻ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന ആയിരത്തോളം റാലികൾ സംഘടിപ്പിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന തെരഞ്ഞൊടുപ്പ് വേണ്ടെന്നും തീരുമാനിച്ചു. പ്രതിപക്ഷ ആരോപങ്ങൾക്ക് വസ്തുതകൾ നിരത്തി മറുപടി നൽകണമെന്ന് ബിജെപി അധ്യക്ഷൻ അമിത്ഷാ പറഞ്ഞു. 

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസത്യൻ, ജൈന അഭയാർത്ഥികളെ ഒരുമടിയുമില്ലാതെ ഇന്ത്യ സ്വീകരിക്കണം. മൻമോഹൻ സിംഗ് പാർടിയെ പിന്തുടരുന്ന ആളും മോദി പാർടിയെ നയിക്കുന്ന ആളുമാണെന്ന് അമിത്ഷാ പറഞ്ഞു.

കർഷകർ, പിന്നോക്ക-പട്ടികജാതി വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യം വച്ച് വലിയ പ്രചരണം ഉയർത്തിക്കൊണ്ടുവരാനാണ് ബിജെപി നീക്കം. അതിന്റെ ഭാഗമായാണ് ആയിരത്തിലധികം റാലികൾ സംഘടിപ്പിക്കാനുള്ള നിർവാഹക സമിതി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സ്ഥലങ്ങളിലും ഓരോ റാലിയിൽ പങ്കെടുക്കും. 

പാർടി അദ്ധ്യക്ഷൻ അമിത്ഷായുടെ കാലാവധി വരുന്ന ജനുവരിയിൽ അവസാനിക്കുമെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. അമിത്ഷാതന്നെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർടിയെ നയിക്കും. ഇന്ധന വിലവർദ്ദന, റഫാൽ ഇടപാട്, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം വലിയ പ്രചരണമാണ് സർക്കാരിനെതിരെ നടത്തുന്നത്. 

സുപ്രീംകോടതി വിധി മറികടക്കാൻ നിയമഭേദഗതി വന്നതിന് പിന്നാലെ ഉത്തരേന്ത്യയിൽ പട്ടികജാതി-മുന്നോക്ക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും ബിജെപി നേരിടുന്ന വെല്ലുവിളിയാണ്. നിർവാഹക സമിതിയിലെ ഉദ്ഘാടന പ്രസംഗത്തിൽ തെരഞ്ഞെടുപ്പിനായി ഒരുങ്ങാൻ എല്ലാ നേതാക്കൾക്കും അമിത്ഷാ നിർദ്ദേശം നൽകി. 

അര്‍ബന്‍ മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിനെ അമിത്ഷാ അഭിനന്ദിച്ചു. ഇന്ധനവില വർദ്ധനയെ കുറിച്ച് ചർച്ച ഉണ്ടായില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. പ്രധാനമന്ത്രി നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ സംസാരിക്കും.