കണ്ണൂർ: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് കൃത്യമായ നിലപാടുമായി ഇടത് മുന്നണിയും കടുത്ത നടപടികളുമായി സർക്കാരും മുന്നോട്ടുപോകുമ്പോഴാണ് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം. ഭക്തരെ മുൻനിർത്തി, ഹിന്ദു സംഘടനകളുമായി ചേർന്നാണ് ബിജെപി ശബരിമലയിലെ സ്ത്രീപ്രവേശനത്തെ നേരിട്ടത്. ഇനി മുന്നോട്ടുള്ള നീക്കങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ശബരിമലയെക്കുറിച്ചുള്ള പാർട്ടി നയത്തിൽ ആശയക്കുഴപ്പങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാകാതിരിക്കാൻ കേന്ദ്രനേതൃത്വത്തിൽ നിന്ന് ഒരു നിർദേശമാണ് സംസ്ഥാനനേതൃത്വം ഇനി പ്രതീക്ഷിയ്ക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട റിട്ട് ഹർജികളിൽ തീരുമാനം പ്രതീക്ഷിയ്ക്കുമ്പോഴും, മണ്ഡലകാലത്ത് സർക്കാരെടുക്കുന്ന മുൻകരുതലുകൾ മുൻകൂട്ടിക്കാണേണ്ടി വരും ബിജെപിയ്ക്ക്. 

ഉപതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലും ബിജെപിയ്ക്ക് മുൻകൂട്ടി നിർണായക തീരുമാനമെടുക്കേണ്ടതുണ്ട്. അമിത് ഷായുടെ കൂടി നിർദേശമനുസരിച്ചേ ഇതിലൊരു തീരുമാനം സംസ്ഥാനനേതൃത്വം കൈക്കൊള്ളൂ. അന്തരിച്ച എംഎൽഎ അബ്ദുൾ റസാഖ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത് കള്ളവോട്ടിന്‍റെ അടിസ്ഥാനത്തിലാണെന്ന് കാട്ടിയാണ് അന്നത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന കെ.സുരേന്ദ്രൻ ഹർജി നൽകിയത്. എംഎൽഎ അന്തരിച്ച സാഹചര്യത്തിൽ ഇനി കേസ് തുടരേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരേന്ദ്രന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും മഞ്ചേശ്വരം തെര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിയ്ക്കുക. 

ബിജെപി പൊതുസമ്മേളനത്തിൽ നടത്തുന്ന പ്രസംഗത്തിൽ ശബരിമല വിഷയത്തിൽ കൃത്യമായ നിലപാട് അമിത് ഷാ പറയുമെന്നാണ് കണക്കുകൂട്ടൽ. ശിവഗിരി സന്ദർശനം കഴിഞ്ഞ് തിരികെപ്പോകുന്നതിന് മുമ്പ് കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.രാമൻനായരുൾപ്പടെയുള്ളവരെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങളും അമിത് ഷാ നടത്തും. ശബരിമല വിഷയത്തിൽ പാർട്ടിയ്ക്ക് ഇത് നേട്ടമാകുമെന്നാണ് സംസ്ഥാനഘടകത്തിന്‍റെ വിലയിരുത്തൽ. പൊതുപ്രവർത്തനം തുടരാനുള്ള അവസരം കിട്ടിയാൽ ബിജെപിയിലേക്ക് പോകാൻ തയ്യാറാണെന്ന് രാമൻനായരും വ്യക്തമാക്കിയിരുന്നു. 

മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്‍റെ വീട് സന്ദർശിയ്ക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ജനരക്ഷായാത്രയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സന്ദർശനം നടന്നില്ല. ഹർത്താൽ നടത്തി പ്രതിരോധിച്ചതിന് പിന്നാലെ സന്ദർശനം അമിത് ഷാ റദ്ദാക്കിയത് സിപിഎം വലിയ രാഷ്ട്രീയ വിവാദവുമാക്കി. അതുകൊണ്ടുതന്നെ ഇത്തവണ അമിത് ഷാ എന്തായാലും രമിത്തിന്‍റെ വീട് സന്ദർശിക്കും.