ന്യൂനപക്ഷങ്ങളെയും പിന്നോക്കവിഭാഗക്കാരെയും ആകര്‍ഷിക്കാതെ കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ലെന്ന് അമിത്ഷാ. ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പോരെന്ന വിമര്‍ശനമാണ് ബിജെപി നേതൃയോഗങ്ങളില്‍ ദേശീയ അധ്യക്ഷന്‍ ഉന്നയിച്ചത്.
കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തെ യോഗങ്ങളിലും കേരളഘടകത്തിന്റെ പ്രവര്‍ത്തനത്തില്‍ ഷാ അതൃപ്തി രേഖപ്പെടുത്തി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം താമര തരംഗമാകുമ്പോള്‍ കേരളം എന്ത് നല്‍കിയെന്നായിരുന്നു നേതൃയോഗത്തില്‍ ഷായുടെ ചോദ്യം. 2019ല്‍ നേട്ടമുണ്ടാക്കണമെങ്കില്‍ ആഞ്ഞുപിടിക്കാതെ പറ്റില്ലെന്നാണ് മുന്നറിയിപ്പ്. ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളെ കൂട്ട് പിടിക്കാതെ കേരളത്തില്‍ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഷായുടെ വിലയിരുത്തല്‍. അതിനായി പ്രത്യേക പദ്ധതി വേണമെന്ന് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു. സഭയെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി കദ്ദിനാള്‍ ക്ലിമിസ് കാതോലികാ ബാവയും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യവുമായി ഷാ പട്ടം ബിഷപ്പ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങളുടെ ആശങ്ക തീര്‍ക്കണമെന്നാണ് നിര്‍ദ്ദേശമാണ് സഭാപ്രതിനിധികള്‍ ആവശ്യപ്പെട്ടത്.
കശാപ്പ് നിയന്ത്രണം ചര്‍ച്ചയില്‍ ഉന്നയിച്ചില്ലെന്ന് ക്ലിമിസ് കാതോലികാബാവ പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി വൈകിട്ട് നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഷാ വിവരിച്ചു. പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ച് കൊണ്ടുവരണമെന്ന് പരിവാര്‍ സംഘടനകള്‍ ഷായോട് ആവശ്യപ്പെട്ടു. ഷായുടെ സാന്നിധ്യത്തില്‍ പ്രമുഖര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
