കൊച്ചി: വിവാദങ്ങള്‍ക്കിടെ താര സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് യോഗത്തിനുശേഷം ഇടവേള ബാബു പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസും ദിലീപിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും അനുബന്ധ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ച വ്യാഴാഴ്ച ചേരുന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലുണ്ടാവുമെന്നും ഇടവേള ബാബു വ്യക്തമാക്കി.
അമ്മയുടെ ട്രഷറര്‍ കൂടിയായ ദിലീപ് ഇല്ലാതെയാണ് യോഗം ചേര്‍ന്നത്. നടിയെ ആക്രമിച്ച സംഭവമോ ദിലീപിന്റെ ചോദ്യം ചെയ്യലോ യോഗം ചര്‍ച്ച ചെയ്യില്ലെന്ന് യോഗത്തിന് മുമ്പ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ സിനിമാ മേഖലയെ ഒന്നാകെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യമുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്. വ്യാഴാഴ്ച ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തശേഷം അമ്മയുടെ നിലപാട് അറിയിക്കും.
നടി രമ്യ നമ്പീശന്‍ യോഗത്തില്‍ പങ്കെടുത്തില്ല. നാളെ നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കില്ലെന്ന് മഞ്ജു വാര്യരും അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണഅ പങ്കെടുക്കാത്തതെന്നാണ് മഞ്ജുവിന്റെ വിശദീകരണം.
