കൊച്ചിയില്‍ ഫാക്ടിലേക്ക് കൊണ്ടിപോകുകയായിരുന്ന അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ആറ് മണിക്കൂ‍ര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ചോര്‍ച്ച തടഞ്ഞത്. വൈറ്റിലയില്‍ അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. വെല്ലിങ്ടണ്‍ ഐലന്റില്‍ നിന്ന് ഫാക്ടിലേക്ക് അമോണിയം വാതകം കൊണ്ടുപോവുകയായിരുന്ന ബാര്‍ജിലാണ് ചോര്‍ച്ചയുണ്ടായത്. 90ടണ്ണിലധികം അമോണിയ വാതകം ബാര്‍ജിലുണ്ടായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ ചെറിയതോതില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. രാത്രി എട്ടു മണിയോടെയാണ് വലിയ തോതില്‍ വാതകം ചോര്‍ന്നത്. ഫാക്ടില്‍ നിന്നടക്കം എത്തിയ വിദഗ്ദര്‍ രാത്രിയോടെ ചോര്‍ച്ചയടയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. രാത്രി 11 മണിയോടെ ബാര്‍ജിന്റെ തകര്‍ന്ന വാല്‍വ് പുനഃസ്ഥാപിച്ചു. തുടര്‍ന്ന് പ്രദേശത്ത് നിന്ന് മാറി താമസിച്ചവരോട് തിരികെയെത്താന്‍ നിര്‍ദ്ദേശം നല്‍കി. ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.. ആരുടെയും നില ഗുരുതരമായിരുന്നില്ല. ഇതിനോടകം 200ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.