സൗദിയില്‍ നിയമലംഘകരായ വിദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. ശക്തമായ നടപടികളാണ് ഇതിനു കാരണം. എണ്‍പതോളം കേന്ദ്രങ്ങള്‍ വഴിയാണ് ഇപ്പോള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
നിയമലംഘകരായ 55 ലക്ഷത്തോളം വിദേശികള്‍ 2013ലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ഇതില്‍ 30 ലക്ഷത്തോളം പേര്‍ പദവി ശരിയാക്കി രാജ്യത്ത് തുടരുകയും ബാക്കിയുള്ളവര്‍ രാജ്യം വിടുകയും ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ അത്രത്തോളം നിയമലംഘകര്‍ ഉണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. പത്ത് ലക്ഷത്തോളം വിദേശികള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ശക്തമായ നടപടി മൂലം നിയമലംഘകരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പൊതുമാപ്പില്‍ പദവി ശരിയാക്കി സൗദിയില്‍ തന്നെ തുടരാനുള്ള അവസരം ഇല്ല. 2013ലെ പൊതുമാപ്പ് കാലത്ത് തന്നെ നിയമലംഘകരില്‍ പലരും രാജ്യം വിട്ടതാണ് ഇപ്പോള്‍ നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം കുറയാന്‍ ഒരു കാരണമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും വിലയിരുത്തിയിരുന്നു.
പതിനയ്യായിരത്തോളം ഇന്ത്യക്കാരാണ് ഇതുവരെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്തത്. പൊതുമാപ്പുമായി ബന്ധപ്പെട്ട് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. അതേസമയം പൊതുമാപ്പ് കാലയളവിനു ശേഷം പിടിക്കപ്പെടുന്ന വിദേശികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തടവ്, പിഴ നാടു കടത്തല്‍ എന്നിവയ്ക്ക് പുറമേ പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് ഇപ്പോള്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എണ്‍പതോളം കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ പതിനാറും, റിയാദില്‍ പത്തും, മക്ക പ്രവിശ്യയില്‍ പന്ത്രണ്ടും, ഖസീമില്‍ ഏഴും, തബൂക്കില്‍ ആറും, നജ്രാനില്‍ അഞ്ചും, മദീനയിലും അല്‍ജൂഫിലും നാല് വീതവും, അസീര്‍, ഹായില്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവും, അല്‍ ബാഹയില്‍ രണ്ടും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 19 സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
