സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29 മുതല്‍ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. ഈ കാലയളവില്‍ നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ കേസില്‍പെട്ട ഹുറൂബില്‍ പെട്ടവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. തടവ്, പിഴ എന്നിവ ഇല്ലാതെ തന്നെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. ഈ അവസരം നിയമലംഘകരായ വിദേശികള്‍ എല്ലാം പ്രയോജനപ്പെടുത്തണമെന്നും അതിനു ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണമെന്നും ആഭ്യന്ത്രര മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജ്ജ്, ഉംറ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍ പെട്ടവരുമായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദിയില്‍ പ്രവേശിച്ചവര്‍ക്കും ഈ കാലയളവില്‍ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനോ നിയമ വിധേയമായി ജോലി ചെയ്യുന്നതിനോ വിലക്കുണ്ടാകില്ല. പൊതുമാപ്പ് കാലാവധിക്ക് ശേഷം നിയമലംഘകര്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
