റിയാദ്: പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ സൗദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു. ഇരുപത്തിനാലായിരത്തോളം നിയമ ലംഘകരാണ് മൂന്നുദിവസത്തിനുള്ളില്‍ പിടിയിലായത്. ഇഖാമ തൊഴില്‍ നിയമ ലംഘകര്‍ക്കായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സൗദിയിലെങ്ങും തുടരുന്ന പരിശോധനയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടിയിലായത് 23938 പേരാണ്.
ഇവരില്‍ 15702 പേര്‍ ഇഖാമ നിയമ ലംഘകരും 3883 പേര്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയവരും 4353 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. പിടിയിലായവരില്‍ 842 വനിതകളും ഉള്‍പ്പെടും. ഏറ്റവും കൂടുതൽ നിയമ ലംഘകർ പിടിയിലായത് മക്ക പ്രവിശ്യയിലാണ്. പിടിയിലായവരില്‍ 42 ശതമാനമാണ് മക്ക പ്രവിശ്യയില്‍ നിന്നു. 19 ശതമാനം പേര്‍ റിയാദിൽ നിന്നും 11 ശതമാനം പേര്‍ അസീര്‍ മേഖലയില്‍ നിന്നുമാണ്. 5 ശതമാനം പേര്‍ മാത്രമാണ് കിഴക്കന്‍ പ്രവിശ്യയില്‍ നിന്നു പിടിയിലായത്.
നിയമലംഘകര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ 25 സ്വദേശികളും പിടിയിലായിട്ടുണ്ട്. സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിൽ പരിശോധന തുടരുമെന്നും നിയമ ലംഘകര്‍ക്ക് തൊഴില്‍ - താമസ- യാത്ര സൗകര്യങ്ങൾ നല്‍കുന്നവര്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും ജവാസാത് മുന്നറിയിപ്പ് നല്‍കി.
