അതേസമയം, യുജിസിയുടെ നിർദേശം യുക്തിക്കു നിരക്കുന്നതല്ലെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഔദ്യോഗികമായി കേന്ദ്രത്തിനു നൽകിയ മറുപടിയിൽ പ്രതികരിച്ചു.
ദില്ലി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പേരിനൊപ്പമുള്ള "മുസ്ലിം’ എടുത്തുകളയാൻ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളിൽ ഹിന്ദു, മുസ്ലിം എന്നിങ്ങനെ ഉൾപ്പെടുത്തുന്നത് മതേതരത്വത്തിനു വിരുദ്ധമാണെന്നു കാട്ടി യുജിസി പാനലാണ് പേരിലെ മുസ്ലിം എടുത്തുകളയാൻ നിർദേശിച്ച് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. ബനാറസ് ഹിന്ദു സർവകലാശാലയുടെ പേരിലും യുജിസി പരിഷ്കരണം നിർദേശിച്ചിട്ടുണ്ട്. പാനൽ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം അലിഗഡ് സർവകലാശാലയോടു മറുപടി തേടി.
അതേസമയം, യുജിസിയുടെ നിർദേശം യുക്തിക്കു നിരക്കുന്നതല്ലെന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഔദ്യോഗികമായി കേന്ദ്രത്തിനു നൽകിയ മറുപടിയിൽ പ്രതികരിച്ചു. ചരിത്രം, ഉദ്ദേശ്യം, പ്രത്യേകതകൾ എന്നിവ സംബന്ധിച്ച് ധാരണ നൽകുന്നതാണ് സർവകലാശാലയുടെ പേരെന്നും ഭരണഘടനാ കടമകൾ പാലിച്ചാണ് സ്ഥാപനം മുന്നോട്ടുപോകുന്നതെന്നും സർവകശാല രജിസ്ട്രാർ ജവൈദ് അക്തർ വ്യക്തമാക്കി.
യുജിസിയുടെ പരിധിക്കു പുറത്തുള്ള നിർദേശമാണ് ഇപ്പോൾ അലിഗഡ് സർവകലാശാലയ്ക്കു നൽകിയിരിക്കുന്നതെന്നാണു റിപ്പോർട്ട്. അക്കാദമിക്, ഗവേഷണ, സാന്പത്തിക കാര്യങ്ങളിലാണ് യുജിസിക്ക് സർവകലാശാലകൾക്കു നിർദേശം നൽകാൻ കഴിയുക.
ഇത് മറികടന്നാണ് ഇപ്പോൾ യുജിസിയുടെ നടപടി. അതേസമയം, അലിഗഡ്, ബനാറസ് സർവകലാശാലകളുടെ പേരുമാറ്റാൻ നിലവിൽ പദ്ധതിയില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു
