രണ്ട് ദീവസം പാര്‍ട്ടിക്കകത്ത് ഉണ്ടായ മുറുമുറുപ്പിനൊടുവില്‍ പാര്‍ട്ടിസെക്രട്ടറി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ യുഎപിഎ ചുമത്തി പോലിസ് 24 മണിക്കൂറോളം കാരണമില്ലാതെ കസറ്റഡിയില്‍ വെച്ച നദീറിനെ പോലിസ് വിട്ടയക്കുകയായിരുന്നു. മയപ്പെടുത്തിയാണെങ്കിലും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പാര്‍ട്ടി നയം യുഎപി എക്ക് എതിരാണെന്ന് വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരാണ് നദിറിനെതിരെ കേസെടുത്തതെന്ന വിശദീകരണവും സിപിഎം നല്‍കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല,
അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവില്ലായിരുന്നുവെന്ന് കണ്ണൂര്‍ എസ്പിയും വ്യക്തമാക്കിയതോടെ പോലിസും ആഭ്യന്തരവകുപ്പും പ്രതിക്കൂട്ടിലാവുകയാണ്.
ഇന്നലെ ദേശീയഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് പിടികൂടിയ എഴുത്തുകാരന്‍ കമല്‍സിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതിലും പാര്‍ട്ടിക്കകത്ത് വിമര്‍ശനമുണ്ട്. ഇതും പുന:പരിശോധിക്കും. ഇപി ജയരാജന്‍ വിവാദത്തിന് ശേഷം മാവോവാദി വേട്ടയും ദേശീയഗാന യുഎപിഎ കേസുകളിലെ പോലിസു നടപടികളും പാര്‍ട്ടിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഉത്തരേന്ത്യയിലെ പോലിസ് നടപടികളെ വെല്ലുന്നതാണ് സമീപകാലത്ത് കേരളപോലിസിന്റെ നിലപാടുകളെന്നും വിമര്‍ശനമുണ്ട്.
