വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു.

ദില്ലി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടിൽ അപാകതയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. വിധി സ്വാഗതാർഹമാണെന്നാണ് അഭിപ്രായമെന്നും ആനന്ദ് ശർമ്മ പറഞ്ഞു. കേരളത്തിലെ ഘടകം പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി. 

വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു.

'സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം തന്റെ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും രാഹുല്‍ വിശദീകരിച്ചു. 

'പാര്‍ട്ടിയുടെ നിലപാട്, കേരളത്തിലെ ജനങ്ങളുടെ വികാരം കൂടി മാനിച്ചുള്ള നിലപാടാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ വിഷയത്തില്‍ എനിക്കും പാര്‍ട്ടിക്കുമുള്ള അഭിപ്രായങ്ങള്‍ രണ്ട് തന്നെയാണ്. എന്നാല്‍ അവര്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്ന നേതാക്കളാണ്, അവരുടെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ നോക്കേണ്ടത്'- രാഹുല്‍ ഗാന്ധി വ്യക്തമാക്കി.