തുടര്‍ച്ചയായി 36മണിക്കൂര്‍ പുല്ലാങ്കുഴല്‍ വായിച്ച് ലോകറെക്കോര്‍ഡിട്ട അനന്തകൃഷ്‍ണന്‍ മറ്റൊരു ലക്ഷ്യത്തിലേക്കുളള യാത്രയിലാണ്. 101 രാഗങ്ങള്‍ തുടര്‍ച്ചയായി 101 മണിക്കൂര്‍ ആലപിച്ച് ഗുരുവനന്ദനത്തിനുളള ഒരുക്കത്തിലാണ് അനന്തൃഷ്ണന്‍. ലോകറെക്കോര്‍‍‍ഡിനുടമയായ തിരുവനന്തപുരത്തെ കൊച്ചുമിടുക്കനെ തേടി അഭിനന്ദന പ്രവാഹമാണ്.

മൂന്നര വയസ്സില്‍ ശ്രുതിയും താളവുമായി ഇഴചേര്‍ന്ന് തുടങ്ങിയ യാത്ര. സംഗീതമല്ലാതെ മറ്റൊന്നുമില്ല കൊച്ചുമിടുക്കന്. ഗുരുദക്ഷിണയ്‌ക്കായി ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങിയ കച്ചേരി. 36മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും റെക്കോര്‍ഡിന്റെ നെറുകില്‍.

ഒമ്പത് വര്‍ഷമായി അനന്തകൃഷ്‍ണന്റെ വിരലിനോട് ചേര്‍ന്ന്, ശ്രുതി തെറ്റാതെ പുല്ലാങ്കുഴലുണ്ട്.

പുല്ലാങ്കുഴല്‍ ഉള്‍പ്പെടെ 12 സംഗീതോപകരണങ്ങളില്‍ അനന്തകൃഷ്‍ണന്‍ നേരത്തെ മിടുക്ക് തെളിയിച്ചിച്ചുണ്ട്. പുതിയ റെക്കോര്‍ഡിട്ട അനന്തകൃഷ്ണനെ അഭിനന്ദിക്കാന്‍ പരിസരവാസികളും സുഹൃത്തുക്കളുമൊത്തെയെത്തി. എംഎല്‍എ വി എസ് ശിവകുമാര്‍ അനന്തകൃഷ്ണനെ ആദരിച്ചു. ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പമനിയില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ സുരേഷും, യൂണിവേഴ്‌സിറ്റി ലൈബ്രറി ഉദ്യോഗസ്ഥയായ അമ്മ ഡോ. രമാദേവിയും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. നേട്ടത്തിന്റെ പടവുകള്‍ അനന്തകൃഷ്‍ണന്‍ ചവിട്ടിക്കയറുന്നതും കാത്തിരിക്കുകയാണിവര്‍.