തിരുവനന്തപുരം: ഹർത്താൽ അക്രമങ്ങളിൽ ചില പൊലീസുകാർ നിഷ്ക്രിയരായി നോക്കി നിന്നെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. പൊലീസ് സേനക്ക് ജാതിയും മതവുമില്ലെന്നത് മറന്നാണ് ചില പൊലീസുകാർ മേലുദ്യോഗസ്ഥരുടെ നിർദേശം പോലും ധിക്കരിച്ചത്. അവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നേർക്ക് നേർ 'പരിപാടിയിൽ പറഞ്ഞു.

അതേസമയം, ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരിൽ 487 പേർ റിമാൻഡിൽ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകൾ തുടരുന്നുത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നും പൊലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞു. 

ഇതിനിടെ കേരളത്തിലെ ക്രമസമാധാന നില ഗവർണർ കേന്ദ്രത്തെ ധരിപ്പിച്ചു. അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.