സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു
കൊല്ലം: എംഎൽഎ കെ.ബി.ഗണേഷ് കുമാർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവാവും അമ്മയും നൽകിയ പരാതി ആരോപണവിധേയനായ സിഐ തന്നെ അന്വേഷിക്കും. എംഎൽഎയും ഡ്രൈവറും പരാതികാരനായ അനന്തകൃഷ്ണനേയും അമ്മ ഷീലയേയും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കേസാണ് അഞ്ചൽ സിഐ അന്വേഷിക്കുന്നത്.
അഞ്ചല് അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മര്ദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്പെഷ്യല് ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഞ്ചല് സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു.
ഇതേ ഉദ്യോഗസ്ഥന് തന്നെ അന്വേഷണത്തിന്റെ ചുമതല കൊടുത്തത് പോലീസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഗണേഷ്കുമാർ എംഎൽഎ മർദ്ദിച്ചെന്ന് സംഭവം നടക്കുമ്പോൾ പരാതിക്കാർ ചൂണ്ടിക്കായിട്ടും സ്ഥലത്തുണ്ടായിരുന്ന സിഐ നടപടിയെടുത്തിരുന്നില്ല. എംഎൽഎയുടെ ദൃശ്യങ്ങളെടുത്ത പരാതിക്കാരൻ അനന്തകൃഷ്ണൻറെ ഫോൺ സിഐ തട്ടിത്തെറിപ്പിച്ചതായും ആരോപണമുയർന്നിരുന്നു.
സംഭവം നടന്ന ദിവസം പരാതി നൽകാനായി ആദ്യമെത്തിയത് അനന്തകൃഷ്ണനും അമ്മയുമായിരുന്നുവെങ്കിലും പിന്നീട് വന്ന ഗണേഷ് കുമാറിന്റെ ഡ്രൈവറുടെ പരാതിയാണ് പോലീസ് ആദ്യം സ്വീകരിച്ചത്. പിന്നീട് ഇതിനുള്ള കൗണ്ടർ കേസായാണ് യുവാവിന്റേയും അമ്മയുടേയും പരാതി രജിസ്റ്റർ ചെയ്തത്. സിഐയുടെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നാണ് അനന്തകൃഷ്ണൻ ആരോപിക്കുന്നത്.
മർദ്ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മയും കേസിൽ പരാതിക്കാരിയുമായ ഷീനയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അസഭ്യം പറഞ്ഞെന്നും തല്ലിയെന്നും പരാതി നല്കിയിട്ടും കേസിൽ കാര്യമായി നടപടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവാഞ്ഞത് വിവാദമായിരുന്നു. സംഭവത്തില് പൊലിസ് ഒത്തുകളിക്കുന്നെന്ന് അനന്തകൃഷ്ണനും അമ്മയും നേരത്തെ പ്രതികരിച്ചിരുന്നു.
