അഞ്ചൽ സിഐക്ക് അന്വേഷണച്ചുമതല നൽകിയത് വിവാദമായിരുന്നു അക്രമത്തിന് സിഐ ദൃക്സാക്ഷിയായിരുന്നു
കൊല്ലം: ഗണേഷ്കുമാര്‍ എംഎല്‍എ യുവാവിനേയും അമ്മയേയും മര്‍ദ്ദിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ സിഐ മോഹൻദാസ് വീഴ്ചവരുത്തിയെന്ന കണ്ടെത്തലിലാണ് ഉത്തരവ്. തന്നെയും സര്‍ക്കാരിനെയും കരിവാരി തേയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആരോപണങ്ങളെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പ്രതികരിച്ചു.
ഇന്നലെ രാത്രി കൊല്ലം റൂറല്‍ എസ്പി അഞ്ചല്‍ സിഐയ്ക്കെതിരായ റിപ്പോര്‍ട്ട് തിരുവനന്തപുരം റേഞ്ച് ഐജിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇങ്ങനെയാണ് .കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അഞ്ചൽ അഗസ്ത്യക്കോട് വച്ച് സംഭവം നടക്കുമ്പോൾ മഫ്തിയിലെത്തിയ അഞ്ചൽ സിഐ മോഹൻദാസ് എംഎല്‍എയേ വേഗം കടത്തി വിട്ടു. പരാതിക്കാരന്‍റെ ഭാഗം കേട്ടില്ല. എംഎല്‍എയുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച അനന്തകൃഷ്ന് നേരെ ആക്രോശിച്ച് കൊണ്ട് അടുത്ത് വന്ന് മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ചു. അനന്തകൃഷ്ണന്‍റെ പരാതി അവസാനം രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഗണേഷ്കുമാര്‍ എംഎല്‍എയ്ക്ക് ആദ്യം അവസരം നല്‍കി.
ഈ വീഴ്ചകളെല്ലാം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. സിഐ മോഹൻദാസിനെ പൊൻകുന്നത്തേക്കാണ് മാറ്റിയത്. പുതുതായി ചുമതലയേറ്റടെടുത്ത സിഐ സതികുമാറായിരിക്കും ഇനി ഈ കേസ് അന്വേഷിക്കുക. പുനലൂര്‍ ഡിവൈഎസ്പിക്ക് പകരം കൊല്ലം റൂറല്‍ എസ്പി തന്നെ നേരിട്ട് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കും.
ഇരക്കെതിര കേസെടുക്കുന്ന സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണെന്ന് ഈ വിഷയത്തില്‍ നിയമസഭയില്‍ സബ്മിഷൻ അവതരിപ്പിച്ച അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അച്ചടക്ക നടപടിയുടെ ഭാഗമായാണ് സിഐയെ മാറ്റിയതെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് പറഞ്ഞ ഗണേഷ്കുമാര്‍ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ അത് തിരുത്തുമെന്നും നിയമസഭയില്‍ വ്യക്തമാക്കി.
