മണിക് റോയിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

കൊല്ലം: അ‍ഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളി അടിയേറ്റ് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. അന്വേഷണം രണ്ട് പേരിലൊതുക്കാൻ പൊലീസ് ശ്രമിക്കുന്നതായാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി മണിക് റോയിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി.

മണിക് റോയിയുടെ പിതൃസഹോദര പുത്രൻ സൂര്യകുമാറും ഭാര്യയുമാണ് ചവറ കണ്‍സ്ട്രക്ഷൻ അക്കാദമിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയത്. വേദിയില്‍ കയറി മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി. മണിക് റോയി മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.

കൂടുതല്‍ പ്രതികളുണ്ടെന്ന് സാക്ഷിമൊഴിയുണ്ടെങ്കിലും അന്വേഷണം മുന്നോട്ട് പോകുന്നില്ല. ഒരാഴ്ച മുൻപ് റിമാന്‍റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത് ഇന്നാണ്. പ്രതിയായ ആസിഫ് ഓടിച്ചിരുന്ന ബൈക്ക് ഇത് വരെയും കണ്ടെടുത്തിട്ടില്ല. മനുഷ്യാവകാശ കമ്മീഷനും മണിക് റോയിയുടെ കുടുബം പരാതി നല്‍കുന്നുണ്ട്.