ആലപ്പുഴ: വിറക്, വസ്ത്രം, ലോട്ടറി, സോപ്പ് പൊടി, മത്സ്യം എന്നിങ്ങനെ അഞ്ച് തരത്തിലുള്ള വിപണനവുമായി സജീവമായിരിക്കുകയാണ് കുടുംബശ്രീയുടെ കീഴിലുള്ള അഞ്ചുകണ്ടത്തില്‍ കുടുംബശ്രീ യൂണിറ്റ്. കഞ്ഞിക്കുഴി പതിനാലം വാര്‍ഡിലെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ പതിനാറ് സ്ത്രീകളാണിതിന് പിന്നില്‍. പതിനാറ് സ്ത്രീകളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
പെരുമ്പാവൂരില്‍ നിന്നും എത്തിക്കുന്ന വിറക് ഇവര്‍ തന്നെയാണ് ലോറികളില്‍ നിന്നും ഇറക്കുന്നത്. ഏഴു മുതല്‍ എട്ട് ടണ്ണോളം വരും ഇവ. ഈ വിറകുകള്‍ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് അവരുടെ വിടുകളില്‍ എത്തിച്ചു നല്‍കും. ഇന്‍സറ്റാള്‍മെന്റായും പണം നല്‍കാന്‍ ഇവര്‍ സൗകര്യം ഒരുക്കുന്നു എന്നത് ഇവരുടെ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നു. ശ്യാമള, വിജയമ്മ, ഉഷ, മിനി, വാസന്തി, പുഷ്പ, മംഗളാമ്പി, രോഹിനി, ജാന്‍സി, സുമാംഗി എന്നിവര്‍ക്കാണ് വിറക് വ്യാപാരത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വീടുകളില്‍ വിറക് എത്തിച്ച് നല്‍കുന്നത് മുതല്‍ വിവിധ ഗഡുക്കളായി കൃത്യതയോടെ അതിന്റെ വില വാങ്ങുന്നതു വരെ നീളുന്നു ഇവരുടെ ജോലി.
പ്രതിവര്‍ഷം അനേകം ലക്ഷത്തോളം രൂപയുടെ വിറക് വ്യാപാരം നടത്തി വരുന്നു. അഞ്ചുകണ്ടത്തില്‍ യൂണിറ്റിന്റെ രണ്ടാമത്തെ സംരംഭമായ മത്സ്യ വ്യാപാരത്തിന്റെ ചുമതല കൃഷ്ണമ്മയ്ക്കാണ്. കടല്‍ മത്സ്യങ്ങളും കായല്‍ മത്സ്യങ്ങളും ഇവരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരിക്കുന്ന മത്സ്യ തട്ടില്‍ പ്രതിദിനം വിപണനത്തിനായി എത്തിക്കും. എല്ലാ ചിലവും കഴിഞ്ഞ പ്രതിദിനം ഇതുവഴി ഏകദേശം അഞ്ചൂറു രൂപയോളം വേതനമായി നല്‍കാന്‍ സാധിക്കുന്നു. ഇവരുടെ തന്നെ മൂന്നാമത്തെ സംരംഭമായ സോപ്പ് പൊടിയുടെ വിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രത്‌നമ്മ, ഓമന, രാജമ്മ, സുമതി എന്നിവരാണ്.
പ്രത്യേക കൂട്ടുകളും വിവിധ തരം പൊടികളും കൂട്ടിച്ചേര്‍ത്തു ഇവര്‍ തന്നെ ഉത്പാദിപ്പിച്ചെടുക്കുന്ന സോപ്പ് പൊടിക്കും ആവശ്യക്കാര്‍ ഏറെയാണ്. ഒരു കിലോ മുതല്‍ വിവിധ പായ്ക്കറ്റുകളായാണിവയുടെ വിപണനം. മോത്തമായും ചില്ലറയായും സോപ്പ് പൊടിയുടെ വിപണനം നടത്തി വരുന്നു. വീടുകളില്‍ നേരിട്ടെത്തിയും സോപ്പ് പൊടി വിതരണം ചെയ്യുന്നു. കൂടാതെ ലോട്ടറി വ്യാപാരത്തിലും വസ്ത്രവ്യാപാരത്തിലും ഇവര്‍ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു.
പ്രതിദിനം നാല്‍പതിനായിരം രൂപയുടെ ലോട്ടറി മൊത്തക്കച്ചവടക്കാരില്‍ നിന്നും നേരിട്ടു വാങ്ങിയാണിവര്‍ വിപണനം നടത്തുന്നത്. ഇവരുടെ യൂണിറ്റ് അംഗമായ സുനിതയ്ക്കാണ് ലോട്ടറി വ്യാപാരത്തിന്റെ ചുമതല. വിറക് വില്‍പ്പനയ്ക്ക് ശേഷം ലഭിക്കുന്ന സമയങ്ങളില്‍ ഭവനങ്ങളില്‍ നേരിട്ടെത്തി ഇവര്‍ വസ്ത്ര വ്യാപാരവും നടത്തി വരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിക്കുന്ന വസ്ത്രങ്ങളാണിവര്‍ ചില്ലറയായി വ്യാപാരം നടത്തുന്നത്. ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ വ്യക്തികളുടെ ഭവനങ്ങളില്‍ നേരിട്ടെത്തിയാണ് ഇവരുടെ വ്യാപാരം. സ്ത്രീകളുടെ വസ്ത്രങ്ങളായ സാരി, ചുരിദാര്‍ എന്നിവ ഉള്‍പ്പെടുന്നതാണിവരുടെ വസ്ത്ര വ്യാപാരം. കുടുംബശ്രീയുടെ മൈക്രൊ എന്റര്‍പ്രൈസിംഗ് വിഭാഗത്തിന് കീഴിലാണിവര്‍ പ്രവര്‍ത്തിക്കുന്നത്.
